lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, May 16, 2012

പത്ര വിതരണക്കാരും മലയാളിയുടെ പ്രഭാതവും അറിയാനുള്ള അവകാശവും

                    പത്രവിതരണക്കാര്‍ അറിയാനുള്ള അവകാശം നിഷേധിച്ചതുമൂലം മലയാളിയുടെ പ്രഭാതങ്ങള്‍ ശൂന്യമായിരിയ്ക്കുന്നു പോലും.   പറയുന്നത് സാധാരണക്കാരല്ല. പത്ര മുതലാളിമാര്‍ തന്നെ.  സ്വന്തമായി ചാനലുകളുള്ള പത്രമുതലാളിമാര്‍ ഓരോ വാര്‍ത്താ പ്രക്ഷേപണത്തിനിടിയിലും, ഇടതടവില്ലാതെ, തന്നെ വാര്‍ത്തകള്‍ക്കിടയില്‍ സ്ഥാനത്തും അസ്ഥാനത്തും ഇത്തരം പ്രയോഗങ്ങള്‍ നടത്തിക്കൊണ്ടേയിരിയ്ക്കുന്നു.  ഇതിനെ സാധൂകരിയ്ക്കാന്‍ ചില രാഷ്ട്രീയക്കാരുടേയും ദന്തരഗോപുരവാസികളായ ഹിപ്പോക്രാറ്റുകളുടേയും അഭിപ്രായങ്ങളും.


                                            ദന്തഗോപുരത്തിലിരിയ്ക്കുന്നവന്‍ താഴെ ചാളകളിലും ചേരിയിലും താമസിയ്ക്കുന്നവന്റെ വേദനയും കഷ്ടപ്പാടും അനേഷിയ്ക്കാറില്ല. അവന്റെ ചിന്തകളില്‍ ഈ ദരിദ്രരെ മനുഷ്യരായിപ്പോലും ഗണിയ്ക്കുന്നില്ല. മാര്‍ക്കറ്റുവാല്യൂ കിട്ടുമെങ്കില്‍ മാത്രം രാജ്യത്തെ ദരിദ്രനാരായണന്മാരേക്കുറിച്ചു വിലപിയ്ക്കുകയും വലിയവാവില്‍ ഓരിയിടുകയും ചെയ്യുന്ന ഹിപ്പോക്രാറ്റുകള്‍ രംഗം വാഴുന്ന ഈ കാലത്ത് ജീവിയ്‌ക്കേണ്ടിവരുന്നത് തീര്‍ച്ചയായും ഗതികേടുതന്നെ. 

                                             സമൂഹമദ്ധ്യത്തില്‍നിന്നകന്ന് വരേണ്യവത്ക്കരിയ്ക്കപ്പെട്ട വര്‍ഗ്ഗത്തില്‍ നിന്നും, വേറിട്ട അഭിപ്രായവുമായിട്ടൊരാള്‍, തന്റെ ദന്തഗോപുരം വിട്ട് തഴെ ഭൂമിയിലേയ്ക്കുനോക്കി സാധാരണക്കാരനുവേണ്ടിയൊരഭിപ്രായം പറഞ്ഞാല്‍ നമ്മളയളെ വല്ലാതെ തെറ്റിദ്ധരിയ്ക്കും. നമ്മള്‍ കരുതും ഇതാ ഒരു മഹാത്മാവ് ദൈവത്തന്റെ പ്രതിപുരുഷനായി സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നും ഭൂമിയിലേയ്ക്കിറങ്ങിവന്നെന്ന്.  സത്യത്തിലയാള്‍ അതായിരിയക്കില്ല, ഒരിയ്ക്കലും.

                   വേറിട്ട ചിന്തകള്‍ക്കും വേറിട്ട വാക്കുകള്‍ക്കും വലിയ മാര്‍ക്കറ്റാണല്ലോ ഇന്ന്  മലയാളമണ്ണില്‍.  പണ്ടാരോ വേറിട്ട ചിന്തകളേക്കുറിച്ച് പറഞ്ഞുപോയതിന്റെ ശിക്ഷ നാം മലയാളികളനുഭവിയ്ക്കുന്നത് പലതരത്തിലാണ്.  മാഹാത്മാക്കള്‍ ജീവച്ചരുന്നപ്പോള്‍ കമായൊന്നരക്ഷരം പറയാന്‍ ധൈര്യം കാണിയ്ക്കാതിരുന്ന ഭീരുക്കളും അധമന്മാരുമായ സാഹിത്യപുറമ്പോക്കുള്‍ മരണാന്തരം ഓരോ മഹാത്മക്കളേയും തെരഞ്ഞുപിടിച്ച് അധിക്ഷേപിച്ച്  ആക്ഷേപലേഖനങ്ങളെഴുതി ശ്രദ്ധ പിടിച്ചുപ്പറ്റാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു. എേറ്റവുമൊടുവില്‍ രാധാകൃഷ്ണനെന്നൊരു മ്ലേച്ഛന്‍ സുകുമാറഴീക്കോടെന്ന മഹാമേരുവിന്റെ നേരെ വിഷം ചീറ്റിയതാണ് നാം കണ്ടത്.  അമൃതെത്ര വിളമ്പിയാലും നായ മലംതന്നെ തേടി പോകും.

                                          പത്രം മറ്റേതൊരു വ്യവസായവും പോലെ ഇന്നതൊരു വെറും വ്യവസായം മാത്രമാണ്. ലാഭംമാത്രം ലക്ഷ്യമാക്കിയ വ്യവസായം.

                  ഞാന്‍ അടുത്തൊരു ദിവസം ഒരു പ്രസ് ക്ലബ് കാണാനിടയായി. എന്നെ ആദ്യം സ്വീകരിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചിത്രമായിരുന്നു.  ഒരു നിമിഷം ആ ചിത്രത്തിലേയ്ക്കും പ്രസ്‌ക്ലബ്ബിനുള്ളിലേയ്ക്കും നോക്കി. പുതുതലമുറ പത്രപ്രവര്‍ത്തകര്‍ എത്ര ശതമാനം സ്വദേശാഭിമാനിയെ മാതൃകയാക്കിക്കാണും. വര്‍ഷത്തിലൊരുദിനം ഒരുപക്ഷേ അവര്‍ തിരക്കിനിടയില്‍ ഓര്‍ത്തെന്നിരിയ്ക്കും

                  പാഠപുസ്തകത്തിനുള്ളിലും ചില്ലുകള്‍ക്കുള്ളിലും തടവിലാക്കപ്പെട്ട സ്വദേശാഭിമാനി ഇന്നൊരു പത്രപ്രവര്‍ത്തകനും മാതൃകയല്ല. സ്വദേശാഭിമാനിയ്ക്കുശേഷം മറ്റൊരു  സ്വദേശാഭിമാനി ഇന്നുവരെ ജനിയ്ക്കാത്തതിന് കാരണം വക്കം അബ്ദല്‍ഖാദറെന്ന പത്രമുതലാളി വീണ്ടും ജനിയ്ക്കാത്തത് കൊണ്ടും, പത്രമുതലാളിയ്ക്ക് വിധേയപ്പെട്ടാല്ലാതെ തന്റെ തൊഴില്‍ നിലനിറുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവും, പുത്തന്‍ പത്രമുതലാളിമാരെപ്പോലെ പണവും സുഖഭോഗങ്ങളും കൈവിടാന്‍ ഒരു പത്രപ്രവര്‍ത്തകനും തയ്യാറാകാത്തതുകൊണ്ടുമാണ്.  ഫ്രീ ലാന്‍ഡ് പത്രപ്രവര്‍ത്തകര്‍ മലയാളത്തിലുണ്ടോ എന്ന് പോലും സംശയമാണ്.  ഉണ്ടെങ്കിലവരും അവരുടെ സ്ഥാനം തെളിയിയ്‌ക്കേണ്ടതുണ്ട്, ഇനിയും.

                                      പത്ര വ്യവസായത്തിലെ ദരിദ്ര വര്‍ഗ്ഗമാണ് പത്രവിതരണക്കാര്‍. നാല്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് നടപ്പിലാക്കിയ വേതനഘടനയ്ക്ക് (കമ്മീഷന്‍) കാലാനുസൃതമായ മാറ്റമുണ്ടാകണമെന്ന ആവശ്യമുന്നയിച്ച് പണിമുടക്കുന്ന ഈ ദരിദ്രവര്‍ഗ്ഗത്തെ രാജ്യദ്രോഹികള്‍ക്കൊപ്പം തളയ്ക്കപ്പെടുന്ന ദാരുണ സംഭവം വിദൂരമായ പ്രത്യാഘതങ്ങള്‍ക്കിടവരുത്തും.

                                    ഓരോ തൊഴിലാളിയും തന്റെ തൊഴില്‍ദാതാവ് ന്യാമായ ആവശ്യങ്ങളെ പലവെട്ടം ഉന്നയിച്ചിട്ടും നിരന്തരം അവഗണിച്ചാല്‍, തന്റെ പണിയായുധം താഴെ വച്ച് ആവശ്യങ്ങള്‍ പ്രതിക്ഷേധങ്ങളിലൂടെ ഉന്നയിയ്ക്കുകയെന്ന ഒരൊറ്റമാര്‍ഗ്ഗമേ അവന്റെ മുന്നില്‍ ശേഷിയ്ക്കുന്നതായുള്ളു.

                                   കേരളം സമരങ്ങളുടെ നാടാണ്. നിരന്തര സമരങ്ങളിലൂടെ നേടിയെടുത്തത് മാത്രമേ ഇന്ന് കേരളീയന് സ്വന്തമായിട്ടുള്ളു. എന്നാല്‍ സമരങ്ങള്‍ ഇല്ലാതായാല്‍ കേരളം സ്വര്‍ഗ്ഗമാകുമെന്ന് വലിയവായില്‍ ഉദ്‌ഘോഷിയ്ക്കാത്തവരായി കേരളീയരില്‍ എത്രപേരുണ്ടാകും. വളരെ തുഛമായിരിയ്ക്കും അവര്‍.

                                  എല്ലാവരും സമരം ചെയ്തിട്ടുള്ളവരാണ്. അതേസമയം എല്ലാവരും സമരത്തിനെതിരുമാണ്. എന്റേതൊഴിച്ച് മറ്റുള്ളവരുടെ സമരം ജനത്തിനെതിരാണ്. അത്‌കൊണ്ട് ഞാനില്ലാത്ത സമരത്തെ അടിച്ചൊതുക്കണം. ഇങ്ങനെതന്നെയാണ് നാം കേരളീയര്‍ ചിന്തിയ്ക്കുന്നവര്‍. കേരളീയന്റെ അനേകം വിരുദ്ധ ചിന്തകളില്‍ ഒന്നുമാത്രമാണ് ഈ ഇരട്ടത്താപ്പ്.

                              നമുക്കെന്ത് സംഭവിച്ചു. വളരെ ഗൗരവത്തിലാലോചിയ്‌ക്കേണ്ട വിഷയങ്ങള്‍ അനവധിയാണ്. നമ്മുടെ ദേശസ്നേഹത്തിലധിഷ്ഠിതമായ നിസ്വാര്‍ത്ഥ ചിന്തകള്‍. സഹാനുഭൂതിയും സഹവര്‍ത്തിത്തവും. പണത്തിനും സഥാനമാനങ്ങള്‍ക്കും പിന്നാലെയുള്ള പരക്കം പാച്ചിലില്‍ നാം നമ്മെതന്നെ നഷ്ടപ്പെടുത്തി. രാഷ്ട്രത്തേയും ദേശത്തേയും മറന്നു. എവിടേയും നാ തേടുന്നത് കുറുക്കുവഴികളാണ്.

                             ഇവിടെ ദരിദ്രരും നിരാലംബരുമായ പത്ര വിതരണക്കാരന്റെമേല്‍ ചുമത്തിയിരിയ്ക്കുന്ന കുറ്റം 'അവന്‍ ജനത്തിന്റെ അറിയാനുള്ള അവകാശത്തെ നിഷേധിയ്ക്കുന്നു', വെന്നാണ്.

                              കേവലം ഒരു പത്രവിതരണക്കാരന്റെ കയ്യിലാണോ ജനത്തിന്റെ അറിയാനുള്ള അവകാശം നിക്ഷിപ്തമായിരിയ്ക്കുന്നത്. അറിയാനുള്ള അവകാശം നാരന്തരം നിഷേധിയ്ക്കുകയല്ലേ കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍. പത്രമുതലാളിയുടെ താത്പര്യത്തിനപ്പുറം വാര്‍ത്തകളെ വളച്ചൊടിയ്ക്കാതെ, കേവലീകരിയ്ക്കാതെ, എേകപക്ഷീയമായ സംരക്ഷണമോ ആക്രമണമോ ഇല്ലാതെ സത്യം സത്യമായി വാര്‍ത്തകള്‍ കൊടുക്കുന്ന ഒരു പത്രമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ മുഖഛായതന്നെ മാറിപ്പോയേനെ. തന്‍േറയും താന്‍ പിന്തുണയ്ക്കപ്പെടുന്നവരുടേയും താത്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകളെ വിധേയപ്പെടുത്തിയതു മൂലം നമുക്ക് നഷടപ്പെട്ടുപേയവയുടെല്ലൊം കണക്കെടുപ്പ് നടത്തിയാല്‍ കേരളീയര്‍ ഭ്രാന്തന്മാരായിപ്പോകും. അത്രയ്ക്ക് ദോഷങ്ങളുണ്ട് എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയാല്‍.

                            അറിയാനുള്ള അവകാശത്തെക്കുറിച്ച് തീര്‍ച്ചയായും ഒരു തുറന്ന ചര്‍ച്ച അനിവാര്യമാണ്. അതിന് ഈ ദരിദ്രനാരായണന്മാരുടെ സമരം വഴിവയ്ക്കുമെങ്കില്‍ അതായിരിയ്ക്കും ഈ സമരത്തിന്റെ എേറ്റവും വലിയ നേട്ടം.  ആ ചര്‍ച്ചയില്‍ പത്രമുതലാളിമാരും പത്രപ്രവര്‍ത്തകരും പത്രവിതരണക്കാരും സമൂഹത്തിലെ എല്ലവിഭാഗവും ഉണ്ടാകട്ടെ. നിരന്തരം ചര്‍ച്ചകള്‍ വിശകലനങ്ങള്‍ കണ്ടെത്തലുകള്‍ നടക്കട്ടെ. അത് തീര്‍ച്ചയായും കേരളത്തിന്റേതായ ഒരു പുത്തന്‍ വികസന കവാടം തുറപ്പിയ്ക്കുമെന്ന് തീര്‍ച്ചയാണ്.

                            എന്നാല്‍ ഒരു പത്രമുതലാളിയും ഇത്തരം ഛരച്ചകള്‍ക്ക് തയ്യാറാകുമെന്ന് അവരെ ശരിയ്ക്കുമറിയുന്ന മലയാളി ചിന്തിയ്ക്കുന്നുണ്ടാവില്ല. അതാണ് സത്യം.  അല്ലായിരുന്നെങ്കില്‍ കൂലിയ്ക്കാളെയിരുത്തിയെന്ന് തോന്നുംവണ്ണം ചില നവ നവോത്ഥാനപ്രേതങ്ങളെ വിളിച്ചിരുത്തി, സമൂഹത്തില്‍ അശരണായിപ്പോയ ഈ പാവങ്ങള്‍ക്കെതിരെ പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കില്ലായിരുന്നു.

                 ഞാനൊരു പത്രമോഫീസിലേയ്ക്കും ഈ അടുത്തകാലത്ത് പോവുകയുണ്ടായി. അവിടെ വക്കം അബ്ദല്‍ഖാദറിന്റെ ചിത്രമില്ലായിരുന്നു. എന്നാല്‍ പത്രമുതലാളിമാരുടെ പാരമ്പര്യമറിയിയ്ക്കുന്ന ഫോട്ടോകള്‍ നിരനിരയായി ക്രമത്തില്‍ സന്ദര്‍ശകന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതരത്തില്‍ ഭിത്തയില്‍ സ്ഥാപിച്ചിട്ടുള്ളതും കണ്ടു.

                                എേതൊരു പണിമുടക്കിനേയുമെന്നപോലെ ഈ സമരത്തേയും കരിങ്കാലികളെയുപയോഗിച്ച് പത്രവിതരണം നടത്താന്‍ ശ്രമിച്ചിട്ട് അതിനെ ഒരുളുപ്പുമില്ലാതെ സ്വന്തം വാര്‍ത്താചാനലിലൂടെ കാട്ടിയശേഷം കാഴ്ചകള്‍ക്കപ്പുറമിരുന്ന് ചിരിയ്ക്കുന്നചിരി കൊലച്ചിരിയാണ്.

                                 വാര്‍ത്തകളിലില്ലെങ്കില്‍ ഞാന്‍ വട്ടപൂജ്യമെന്ന് തിരിച്ചറിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. പത്രമുതലാളിയ്ക്കുയേണ്ടി കേവലം ന്യൂനപക്ഷമായ പത്രവിതരണക്കാരന്‍ ജനത്തിന്റെ അറിയാനുള്ള അവകാശം നിഷേധിയ്ക്കുന്നു വെന്ന് ഒരു മന്ത്രിയാണ് പറയുന്നതെങ്കിലും അതിന് പിന്നില്‍ ഒരാഹ്വാനവും മുന്നറിയിപ്പുമുണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.  മുന്നറിയിപ്പ് ഈ സമരം ജനതാത്പര്യത്തിനെതിരാണെന്നും, ആഹ്വാനം ജനങ്ങളേ നിങ്ങളീ സമരത്തെനേരിടണമെന്നും അടിച്ചൊതുക്കണമെന്നുമാണ്.

                              എല്ലാ സമരവും നമുക്ക് കെട്ടിവയ്ക്കാനും പെട്ടെന്ന് ഇതെല്ലാം ജനദ്രോഹമെന്നും രാഷ്ട്രീയപ്രേരിതമെന്നും സ്ഥാപിയ്ക്കാനൊരു എളുപ്പവഴിയുണ്ട്. ആ സമരത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമരമാണെന്ന് പറഞ്ഞാല്‍ മതി.  അത്രയ്ക്കുണ്ട് നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന്റെ സത്യസന്തതയ്ക്ക് മേലുള്ള കുടിലതന്ത്രങ്ങള്‍. എല്ലാ ട്രേഡ് യൂണിയനുകളും, കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിയ്ക്കുന്നവരും വിശ്വസിയ്ക്കാത്തവരും ഈ സമരത്തില്‍ പങ്കെടുക്കുന്നണ്ടെങ്കിലും, അവര്‍ അലമുറയിട്ട് പറയുന്നുണ്ടെങ്കിലും,  അറിയാനുള്ള അവകാശത്തിന്റെ നവസംരക്ഷകര്‍ അവ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചുകൊണ്ട്, അറിയാനുള്ള അവകാശത്തിന്റെ പുതിയ വാതായനങ്ങള്‍ തുറതക്കുകയാണ് കേരളത്തിലെ പത്രമുതലാളിമാര്‍.

                നാല്പത് വര്‍ഷത്തിന് മുമ്പുള്ള വേതനഘടന മാറ്റി പുതിയ ഘടന വേണമെന്നാണ് ആവശ്യം.  നാല്പത് വര്‍ഷത്തിനുശേഷം പത്രങ്ങള്‍ക്ക് വന്ന മാറ്റങ്ങള്‍കൂടി വിലയിരുത്തണം. ന്യായാന്യായങ്ങളെ  അതതിന്റെ സ്വഭാവത്തിനനുസരിച്ച് വേര്‍തിരിച്ച് കാണാന്‍ കഴിയണം.

                             പത്ര പ്രവര്‍ത്തകരെങ്കിലും കാര്യങ്ങള്‍ നേരെ ചൊവ്വേ അറിയുന്നവരാവിട്ടുണ്ട്.  അവര്‍ പോലും മൗനം പാലിയ്ക്കുമ്പോള്‍, അവരറിയേണ്ടചിലകാര്യങ്ങളുണ്ടെന്നറിയണം. ടോംസിന്റേയും യേശുദാസന്റേയും ഗതി നിങ്ങളേയും നാളെ വേട്ടയാടാം.

                 നവലിബറല്‍ നയങ്ങളെ പിന്തുണച്ച പത്രമുതലാളിമാര്‍ വിദേശപത്രങ്ങള്‍ക്കെതിരേ എടുത്ത സമീപനവും  ടയര്‍ ഇറക്കമതി -ഉപയോഗിച്ചതും അല്ലാത്തതും- ചെയ്യാന്‍ ഇന്ത്യാ ഗവണ്മെന്റ് തീരിമാനിച്ചപ്പോളെടുത്ത സമീപനവും മറന്നുപോകരുത്.

                               തങ്ങളുടേതൊഴിച്ച് മറ്റെല്ലാവരുടേയും സമരം ജനവിരുദ്ധമെന്ന മുദ്രകുത്തിമാറിനില്ക്കുന്നത് സ്വാര്‍ദ്ധതയും ഒരര്‍ത്ഥത്തില്‍ രാജ്യദ്രോഹവുമാണ്.

                            ഒരു പിന്‍ക്കുറിപ്പ്:-  ചില പത്രവ്യവസായികള്‍ തങ്ങളുടെ സര്‍ക്കലേഷന്റെ എണ്ണപ്പെരുപ്പത്തെക്കുറിച്ച് പരസ്യംകൊടുക്കുന്നത് പോലെ അരോചകമായ മറ്റൊരു പരസ്യവും നാളിതുവരെയുണ്ടായിട്ടില്ല.
                                                                         

No comments:

Post a Comment