lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, November 6, 2014

തെരഞ്ഞെടുപ്പിനെ രാഷ്ടീയമായി വിലയിരുത്തപ്പെടാതിരുന്നാല്‍ ഇസ്രായേലും മോദിയും ആയുധനിര്‍മ്മാണ സ്വകാര്യവത്ക്കരണവും

                                         

    ലൂസിഫര്‍

                                                                          

             കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ടു പൂറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശൂഭകരമല്ല. ഇതില്‍ അത്ഭുതപ്പെടാന്‍ അപ്രതീക്ഷിതമായിട്ടൊന്നുമില്ല. ഇന്ത്യയിലെ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നറിയിപ്പുതന്നിരുന്നതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും.

             യു.പി.എ സര്‍ക്കാര്‍ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റിലും രാജ്യസഭയിലും അവതരിപ്പിച്ചു പാസാക്കിയെടുക്കാന്‍ ആവശ്യമായ അംഗബലമില്ലാതെ കുഴങ്ങിനിന്ന എല്ലാ ആവസരങ്ങളിലും, നിര്‍ണ്ണായകമായ നിമിഷങ്ങളില്‍, രാജ്യതാത്പ്പര്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടയവസരങ്ങളിലെല്ലാം ബി.ജെ.പി  യു.പി.എ സര്‍ക്കാരിന് നിരലോഭമായി പിന്തുണയാണ് പാര്‍ലമെന്റിലും രാജ്യസഭയിലും നല്കിവന്നത്. സര്‍ക്കാരിനും തൊഴിലാളിക്കും ജീവനക്കാരനും വമ്പിച്ച സാമ്പത്തിക ബാദ്ധ്യതയ്ക്ക് കളമൊരുക്കിയതും, തൊഴിലാളികളുടേയും ജീവനക്കാരുടേയും സാമൂഹിക സംരക്ഷണവും അവശതയേറുന്ന വാര്‍ദ്ധക്യത്തിലെ സുരക്ഷയും അട്ടിമറിച്ചനാഥത്വത്തിന്റെ വ്യാകുലതകളിലേക്കെടുത്തറിഞ്ഞതും, റിലയന്‍സ് ഉള്‍പ്പെടെ നാല് കുത്തക ഭീമന്മാര്‍ക്ക് ഭീമമായ സമ്പത്ത് വാരിക്കൂട്ടാന്‍ വേണ്ടി മാത്രം അവസരമൊരുക്കിയതുമായ പെന്‍ഷന്‍ സ്വകാര്യവത്ക്കരണ ബില്ലിനോടെടുത്ത സമീപനമൊന്നുമതി ബി.ജെ.പിയുടെ സാമ്പത്തികനയമെന്തെന്ന് വിലയിരുത്താന്‍.

             കഴിഞ്ഞ എന്‍.ഡി.യെ സര്‍ക്കാരാണ് കോണ്‍ഗ്രസ് മന്ദഗതിയില്‍ നടപ്പിലാക്കിവന്ന നവലിബറല്‍-സ്വകാര്യവത്ക്കരണ-സാമ്പത്തിക നയങ്ങളുടെ ഗതിവേഗവും വ്യാപനവും വര്‍ദ്ധിപ്പിച്ചത്. പെന്‍ഷന്‍ സ്വകാര്യവത്ക്കരണം ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

              ഭൂഗോളത്തിന്റെ ഒരുകോണില്‍ ഒരു ചെറുപൊട്ടിന് സമാനമായ വലുപ്പം മാത്രമുള്ള ഇസ്രായേല്‍ ഇന്ന് അമേരിക്കയുടെ നിര്‍ലോഭമായ പിന്തുണയില്‍ പാലസ്തീനുള്‍പ്പെടെ യുള്ള മുസ്ലീം രാഷ്ട്രങ്ങളില്‍ അസ്വസ്തതയും അശങ്കയും വളര്‍ത്തുകയാണ്. പാലസ്തീനെതിരെ നടത്തിയിട്ടുള്ള നിഷ്ഠൂരമായ ആക്രമണത്തിലൂടെ ലോകമനസാക്ഷിയെ ഞെട്ടിച്ചു. ലോക രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രായേലിന്റെ പൈശാചികത്വത്തിനെതിരെ ഉയര്‍ന്നുവന്ന എല്ലാ എതിര്‍പ്പുകളേയും ഇസ്രായേല്‍ അവഗണിക്കുകയാണ് ളചയ്തത്. അയുധനിര്‍മ്മാണവും അതിന്റെ വ്യാപാരവുമാണ് ഇസ്രായേലിന്റെ മുഖ്യവരുമാനം. ഈ ഇസ്രയേലുമായി ആയുധസ്വകാര്യവത്ക്കരണത്തിന് ധാരണയുണ്ടാക്കാന്‍ പോകുന്നു.  ഇന്ത്യയ്ക്കുനേരേയുണ്ടാകുന്ന ആഭ്യന്തരവും രാജ്യാന്തരവുമായ  ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങളെ സംബന്ധിച്ച് രാജ്യത്തിന് അതിന്റേതായ രഹസ്യങ്ങളും സ്വകാര്യതയും എപ്പോഴും കാത്തു സൂക്ഷിക്കപ്പെടണം. രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവും ഓരോ ഇന്ത്യാക്കാരന്റേയും ബാധ്യതയും ഉത്തരവാദിത്വവുമാണ്.

             ലോകത്താകമാനമുള്ള മുസ്ലിം രാഷ്ട്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്നതിനും മറ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും രഹസ്യമായും പരസ്യമായും ആയുധം വില്ക്കുന്ന, മുസ്ലിം വിരുദ്ധ ഭീകരരാഷ്ട്രമെന്നുപോലും ആക്ഷേപത്തിന്റെ ശരവര്‍ഷങ്ങളേറ്റുകൊണ്ടിരിക്കുന്ന ഇസ്രായേലുമായി ആയുധനിര്‍മ്മാണ-സ്വകാര്യവത്ക്കരണ കരാറുണ്ടാക്കി ഇന്ത്യയിലേക്കാനയിക്കുന്ന പ്രക്രിയ ആഭ്യന്തരമായും വൈദേശികമായും പലതരത്തിലുള്ള അസ്വസ്തതകള്‍ക്കും വഴി തുറന്നുകൂടായ്കയില്ല. അമേരിക്കയുടെ പിന്തുണയോടെ ആയുധനിര്‍മ്മാണവും വ്യാപാരവും, അതിന്റെ വ്യാപനവും, വ്യാപനത്തിന്റെ നിഗൂഢതയും ഇസ്രായേലിനെ ഭൂഗോളത്തിന്റെ നെറ്റിയുടെ ഒത്ത നടുവിലെ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതമാക്കിമാറ്റിയിട്ടുണ്ട്.

             മുസ്ലിം രാഷ്ട്രങ്ങളായ ഇറാനോടും അയല്‍ രാജ്യമായ പാകിസ്ഥാനോടുമുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുന്നത് രണ്ടുതരത്തില്‍ ഇന്ത്യക്ക് ഗുണമാകുമെന്നിരിക്കെ ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങള്‍ വലിയ നഷ്ടങ്ങളില്‍ കലാശിച്ചേക്കാം. ഇന്തോ-ഇറാന്‍ പൈപുലൈന്‍, ഇന്തോ-പാകിസ്ഥാന്‍ അതിര്‍ത്തത്തര്‍ക്കങ്ങള്‍ രണ്ടും നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നിരിക്കേ രണ്ടുരാഷ്ട്രങ്ങള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതീരുമാനങ്ങളില്‍ നിന്നും മാറിനില്ക്കുന്നതായിരിക്കും ഉചിതം. മാത്രമല്ല അറബുരാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ക്കുലച്ചില്‍ തട്ടുന്നത് അറബുരാഷ്ട്രങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യാക്കാരുടെ ഭാവിസുരക്ഷിതത്വത്തിനും അറബുരാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന നിക്ഷേപം വിദേശപ്പണം തുടങ്ങി എണ്ണവ്യാപാരബന്ധത്തിന്റെ ദൃഢതയ്ക്കും ദോഷമായി ഭവിക്കും.

             ബി.ജെ.പി ഇന്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക്, എതിരാണെന്ന ധാരണ അവരും വിശ്വഹിന്ദ് പരിഷത്ത്, ആര്‍.എസ്.എ്‌സ് തുടങ്ങി ബി.ജെ.പി യുടെ സംരക്ഷകരായ സംഘടനകളും ഈ തെരഞ്ഞേടുപ്പ് പ്രചരണങ്ങളില്‍പ്പോലും ആവര്‍ത്തിച്ചുള്ള പ്രകോപനപരമായ പ്രസ്താവനകളിലൂടെ വീണ്ടും തെളിയിക്കുകയും ചെയ്തു. മുസ്ലിം വിരുദ്ധ നിലപാടുകളുള്ള ഇസ്രായേലും ഹിന്ദു വര്‍ഗ്ഗീയ-മുസ്ലിം വിരുദ്ധ നിലപാടുകളാണ് മുഖമുദ്രയെന്ന് ആരോപണ വിധേയമാക്കപ്പെട്ട ഇന്ത്യയിലെ ഇപ്പോഴത്തെ ബി.ജെ.പിയുടെ സര്‍ക്കാരും തമ്മിലുണ്ടാക്കുന്ന ആയുധ കച്ചവട-നിര്‍മ്മാണ കരാറുകളിലൂടെ ഉടലെടുത്തുവരുന്ന സൗഹൃദം വിനാശകരമായ ഭവിഷത്തുകള്‍ വിളിച്ചു വരുത്തുന്നതായിത്തീരുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ക്കാശങ്കയുണ്ട്.  

             അഴിമതിയുടെ രംഗവേദിയാണ് പ്രതിരോധവകുപ്പിന്റെ ആയുധകച്ചവടമെന്ന് കോണ്‍ഗ്രസ്സ് തെളിയിച്ചിട്ടാണ് അധികാരത്തില്‍നിന്നുമിറങ്ങിപ്പോയത്. ഇന്ത്യയുടെ അഖണ്ഡതയും ഇന്തോ-പാക് അതിര്‍ത്തിത്തര്‍ക്കവും വൈകാരികമാണ് ഓരോ ഇന്ത്യാക്കാരനും. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുവന്ന എല്ലാ വെല്ലുവിളികളേയും ധീരമായി ചെറുത്ത് വീരചരമമടഞ്ഞ ധീരജവാന്മാരുടെ നാടാണ് ഇന്ത്യ. കാര്‍ഗില്‍ യുദ്ധത്തെ വൈകാരികമായാണ് ഇന്ത്യയിലെ ഓരോ പൗരനും എേറ്റെടുത്തത്. നിര്‍ലോഭമായ പിന്തുണയാണ് ജനത അവര്‍ക്കുനല്കയിത്. പക്ഷെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ജവാന്മാര്‍ക്കായി വാങ്ങിയ ശവപ്പെട്ടിക്കച്ചവടത്തിലും ജവാന്മാരുടെ പുനരധിവാസത്തിനായുണ്ടാക്കിയ ആദര്‍ശ്ഫഌറ്റ് നിര്‍മ്മാണത്തിലും വിതരണത്തിലും നിര്‍ലജ്ജം അഴിമതികാട്ടിയവരാണ് കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ടികളും സഖ്യകക്ഷികളും. 'ഭാരത് മാതാ കീ ജയ്'- എന്ന മുദ്രവാക്യത്തിന്റെ പവിത്രത പണസമ്പാദനവേളയില്‍ സൗകര്യപൂര്‍വ്വം മറന്ന നേതാക്കന്മാരുടെ കൂറ് പണത്തോടാണോ രാജ്യത്തോടാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ അപൂര്‍വ്വ അവസരമായിരുന്നു ഈ അഴിമതിക്കഥകള്‍.

            മോദിക്കും ബി.ജെ.പിക്കും അധികാരത്തിലേയ്ക്കുവരുന്നതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് വമ്പന്മാരായ വ്യവസായ പ്രമുഖരാണെന്ന കഥകള്‍ വിശ്വസനീയമായിത്തന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. ആ വ്യവസായ പ്രമുഖര്‍ ആരൊക്കെയെന്നത് ഇനിയും പൂര്‍ണ്ണമായും പുറത്തു വന്നിട്ടില്ല. മോദിക്ക്  വികസനനായകനെന്ന തിലകച്ചര്‍ത്ത് കിട്ടിയത് ഗുജറാത്തില്‍ കുറച്ചു വ്യവസായങ്ങള്‍ കൊണ്ടുവന്നത് കൊണ്ടാണ്. അവിടെ പട്ടിണി മുന്‍കാലത്തേക്കാള്‍ വര്‍ദ്ധിക്കുകയും കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീതൊഴിലാളികള്‍ ഇവരുടെ വരുമാനത്തിലും വലിയ മാറ്റം സംസ്ഥാനത്തുണ്ടായ വിലക്കയ്‌ററത്തിനനുസൃതമായി ഉണ്ടായില്ല. വിദ്യാഭ്യാസ വളര്‍ച്ച പരോഗതിനേടിയില്ല. വ്യവസായികള്‍ക്ക് വമ്പിച്ച ഇളവുകളും ആനുകൂല്യങ്ങളുമാണ് മോദി നല്കിയത്. ഭൂമിയിടപാടില്‍ മാത്രം കോടാനുകോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായിയെന്ന് സി.എ.ജി കണ്ടെത്തി. ഗുജറാത്ത് മുഖ്യമന്ത്രി പിണറായി വിജയനല്ലാത്തതുകൊണ്ട് അതിന്മേല്‍ മാധ്യമ ചര്‍ച്ചയോ, വിചാരണയോ, അഴിമതി ആരോപണമേ,ാ സി.ബി.ഐ അന്വേഷണമോ ഉണ്ടായില്ല.

            എന്നാല്‍ അതിലൂടെ ഇന്ത്യക്കൊരു പ്രധാനമന്ത്രിയുണ്ടായി എന്ന ആക്ഷേപമുയര്‍ന്നുവന്നു. ഈ ആക്ഷേപത്തിന്റെ മറുവശം അഴിമതിക്കും മുതലാളിമാര്‍ക്ക് വേണ്ടുവോളം സമ്പത്ത് വാരിക്കൂട്ടാന്‍ വമ്പിച്ച ആനുകൂല്യങ്ങളും അവസരങ്ങളും  ഉണ്ടാക്കിക്കൊടുത്തതിനും പ്രത്യുപകാരമായി അല്ലെങ്കില്‍ പ്രതിഫലമായി മുതലാളിമാര്‍ നിര്‍മ്മിച്ചു നല്കിയതാണ് ഈ പദവിയെന്നാണ്.

             ഗുജറാത്തില്‍ മുതലാളിമാര്‍ക്ക് ഭീമമായി സമ്പാദിക്കാനുതകുന്ന വ്യവസ്ഥകളുള്ളതുകൊണ്ടും വമ്പിച്ച ഇളവുകളോടേയും ആനുകൂല്യങ്ങളുടേയും അകമ്പടിയുള്ളതുകൊണ്ടും വ്യവസായങ്ങള്‍ വന്നു. വ്യവസായ ശാലകളുടെ വികസനത്തിനായി പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതുകൊണ്ട് റോഡുകള്‍ വികസിച്ചു. ഇത് ജനങ്ങള്‍ക്കുമുപയോഗിക്കാം. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടിയേയല്ല ഉണ്ടാക്കിയത, മുതലാളിമാര്‍ക്കുവേണ്ടി. വൈദ്യുതിവന്നു. ആകാശത്തുകൂടി ലൈന്‍ പോകുന്നതല്ലാതെ കൃഷീവലന്മാരായ ജനങ്ങള്‍ക്ക് കൃഷിക്കോ സാധാരണ ജനങ്ങള്‍ക്കോ ഗാര്‍ഹികാവശ്യത്തിനോ ചെറുകിട-പരമ്പരാഗത- കുടില്‍ വ്യവസായങ്ങള്‍ക്കോ ആവശ്യമായതോതിലോ അത്യാവശ്യത്തിനോ ലഭയമാക്കിയില്ല.

             ഒരു വലിയ തെരഞ്ഞെടുപ്പിനുശേഷം സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ എടുത്ത തീരുമാനങ്ങളെന്ന നിലയില്‍ ഈ തീരുമാനത്തിന് സാധാരണയില്‍ നിന്നും വത്യസ്തമായി കുറച്ചകൂടി ഗൗരവം ഉണ്ട്.

             ഓരോ തെരഞ്ഞെടുപ്പിനും അതിന്റേതായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആ രാഷ്ട്രീയം തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചചെയ്യപ്പെടണം. തെരഞ്ഞെടുപ്പിനെ നേരിടുന്ന എല്ലാ പാര്‍ടികളുടേയും സാമ്പത്തികനയങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തിനേുടുള്ള സമീപനം സാധാരണജനങ്ങളോടുള്ള പ്രതിബദ്ധത, ജാതികളോടും മതങ്ങളോടുമുള്ള സമീപനം, അഴിമതി എന്നിവ ഗൗരവമായി വിശകലനം ചെയ്യാന്‍ കഴിയണം. ജനങ്ങളെ രാഷ്ട്രീയ പ്രതിബദ്ധതയോടെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പ്രാബ്ധരാക്കണം. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലോ ഇത്തരമൊരു വിചിന്തനം നടത്താന്‍ ജനങ്ങള്‍ക്കാവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നല്കുന്നതിന് കഴിഞ്ഞോ? അതിനുള്ള അവസരം ബോധപൂര്‍വ്വം കൗശലത്തോടെ അട്ടിമറിച്ചതാരാണ്.

          ലോകസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ ഓരോ സ്ഥാനാര്‍ത്ഥിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീപാര്‍ടിയുടെ ആഗോളവത്ക്കരണ-ഉദാരവത്ക്കരണ-സാമ്പത്തിക നയങ്ങളോടുള്ള സമീപനവും ആ പാര്‍ടിയുടെ നയങ്ങളും ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യപ്പെടേണ്ടതല്ലേ. അധികാരത്തിലിരുന്ന പാര്‍ടികള്‍ അധികാരത്തിലിരുന്നപ്പോഴും, പ്രതിപക്ഷത്തായിരുന്നപ്പോഴും ഇത്തരം നയങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊണ്ടത്, എങ്ങനെയാണ് തിരസ്‌ക്കരിച്ചത്. ഇത്തരം വിഷയങ്ങളെ തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പുചര്‍ച്ചകെളെല്ലാം സ്ഥാനാര്‍ത്ഥിയില്‍ തുടങ്ങി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ അപദാനങ്ങളിലും ആക്ഷേപങ്ങളിലേക്കും ഒതുക്കുകയും വിവരാന്വേഷണങ്ങള്‍ക്കും വിവരസമാഹരണത്തിനുമായി നമ്മള്‍ ആശ്രയിച്ച ദൃശ്യമാധ്യമങ്ങള്‍ കൗശലപൂര്‍വ്വം നമ്മെ മത്സരിച്ച പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടാതെ നമ്മെ ആക്ഷോപഹാസ്യങ്ങളുടെയും അപദാനങ്ങളുടേയും ആരാധകരാക്കി.

               മാധ്യമങ്ങള്‍ മോദിസര്‍ക്കാരിന്റെ നയപ്രഖ്യാപനാനന്തരം വന്‍തോതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നമ്മെ വീണ്ടും വീണ്ടും കബളിപ്പിക്കുകയും തങ്ങളുടെ ഇത്തരം നയങ്ങളോടുള്ള കൂറും വിധേയത്വവും ഒളിപ്പിക്കുകയും ചെയ്തു. അനവസരത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും നീഗൂഢമായ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാനും തങ്ങള്‍ക്ക് വിധേയത്വമുള്ളവരെ സംരക്ഷിക്കാനും ജയിപ്പിച്ചെടുക്കാനുമാണ്. ഇത്തരം കുതന്ത്രങ്ങള്‍ നമ്മുടെ മേല്‍ വിദഗ്ദ്ധമായി പ്രയോഗിച്ച് വിജയിപ്പിക്കാനാണെന്ന തിരിച്ചറിവ് നമ്മള്‍ക്കുണ്ടാകാത്തിടത്തോളം മാധ്യമങ്ങള്‍ നമ്മെ കബളിപ്പിച്ചുകോണ്ടേയിരിക്കും. ഈ അവസരത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതുകൊണ്ട് ഈ സര്‍ക്കാരിന് ഒന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല.

               ഇടതുപക്ഷ സഹചാരികള്‍ പോലും അവനവന്റെ കാല്‍ച്ചുവട്ടിലെ മണ്ണിന്റെ ചൂടറിയാതെ പോവുകയും മോദിയെ ഇതിഹാസപുരഷനായി ആരാധിക്കുകയും ആരാധന പലപ്പോഴും കുലംകുത്തിയൊഴുകുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്ന ആരാധന മറനീക്കി പുറത്തുവരുകയും ചുരമാന്തി വ്രണമാവുകയും വ്രണത്തില്‍ നിന്നും ചലംപ്പൊട്ടിയൊഴുകി സാംസ്‌കാരികതലങ്ങളെ മലീമസമാക്കുകയും ദുര്‍ഗന്ധപൂരിതമാക്കുകയും ചെയ്തു. ഇപ്പോഴെന്തായാലും ഇത്തരം ആരാധന ആവിയായിപൊയിട്ടുവുമെന്നതീര്‍ച്ച.

Monday, July 28, 2014

റംസാന്‍, ഒസാമാ, ഒബാമാ

                                                                                                                                                 ലൂസിഫര്‍

                 മതാചാരങ്ങളിലെ  ഏറ്റവും ശ്രേഷ്ഠമായ ആചാരം റംസാന്‍ വ്രതം തന്നെ. റംസാന്‍ വ്രതം നല്കുന്ന സന്ദേശം ഉള്ളവന്‍ ഇല്ലാത്തവന് നല്കണമെന്നാണ്. പട്ടിണിയുടെ കാഠിന്യം അറിയണമെങ്കില്‍ വിശപ്പറിയണം. ഉണ്ണാനുള്ളവന് വിശപ്പിന്റെ തീവ്രതയറിയണമെങ്കില്‍ പട്ടിണികിടക്കണം. അതൊരാചാരത്തിലൂടെ മാത്രമേ മനുഷ്യനെ ബോദ്ധ്യപ്പെടുത്താനാകു എന്നതിനാലാണ് നബി ഈ ആചാരം കര്‍ക്കശാമയിട്ടാചരിക്കാന്‍ നിഷ്‌ക്കര്‍ഷിച്ചത്. ഇസ്ലാം ചന്ദ്രമാസം പിന്തുടരുന്നതിനാല്‍ ഒരുമാസവും ഏതെങ്കിലുമൊരു ഋതുവില്‍ നിശ്ചലമായി നില്ക്കുന്നില്ല. അവ എല്ലാ ഋതുക്കളുലൂടേയും സഞ്ചരിക്കുന്നു. അതിനാല്‍ വ്രതാനുഷ്ഠാനം ഋതുക്കളില്‍ നിന്നും ഋതുക്കളിലേക്ക് മാറുന്നതിനാല്‍ ഓരോ കാലാവസ്ഥയിലും വ്യത്യസ്ഥമാകുന്ന വിശപ്പിന്റെ കാഠിന്യവും അനുഭവിച്ചറിയാന്‍ സാധിക്കുന്നു.
               
                 വിശപ്പറിഞ്ഞുള്ള സക്കാത്താണ് അത്യുന്നതാമയ ആചാരം. ഈയടുത്തകാലത്തായി നോമ്പുതുറക്കുന്നതിന്റെ പ്രാധാന്യം വ്രതാനുഷ്ഠാനത്തേക്കാള്‍ പ്രാധാന്യം നേടുന്നുണ്ടോയെന്ന് ഒരാത്മ പരിശോധന അനിവാര്യമാണ്. സക്കാത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പ്രത്യേക ശ്രദ്ധചെലുത്തണം.

                സക്കാത്ത്, സക്കാത്ത്! അതുതന്നെയാണ് പുണ്യം. അന്യന്റെ വിശപ്പറിയാനും വിശക്കുന്നവന്റെ് അല്ലെങ്കില്‍ ദീനദയാലുവിന്റെ അതുമല്ലെങ്കില്‍ നിഷ്ഠൂരമായ വിധിയാല്‍ നിസഹായവരാക്കപ്പെട്ടവരുടെ നിലവിളിക്ക് നേരെ ചെവിതിരിക്കുമ്പോള്‍ മാത്രമേ വ്രതാനുഷ്ഠാനം സമ്പൂര്‍ണ്ണതയാര്‍ജ്ജിക്കു.

                നോമ്പുതുറക്കാന്‍ നിങ്ങളുടെ മുന്നിലെത്തുന്ന ഭക്ഷണം കൂടി സക്കാത്തായി നല്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ വളരെ അരുകിലെത്തും. നിങ്ങള്‍ ദൈവത്തിന് വളരെ പ്രിയമുള്ളവരായി മാറും.

                റംസാന്‍, നോമ്പ്, സക്കത്ത് എന്നു ഞാന്‍ പറയുന്നില്ല. അത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കുമോയെന്ന ഭയമുള്ളതിനാല്‍ ഞാനതുപേക്ഷിക്കുന്നു. എന്നാല്‍ എല്ലാ ജനങ്ങളും ചന്ദ്രമാസത്തെ അടിസ്ഥാനപ്പെടുത്തി, അല്ലെങ്കില്‍ ഓരോ വര്‍ഷവും ഓരോരോ ഋതുവില്‍, പകല്‍ ഭക്ഷണമുപേക്ഷിച്ച് വ്രതമെടുക്കുകയും സക്കാത്ത് നല്കുകയും വേണമെന്ന് ഞാനാഗ്രഹിക്കുന്നു.

                 ഈ അനുഷ്ഠാനം മനുഷ്യന്റെ മനസ് ശദ്ധീകരിക്കും. അഹന്തകുറയ്ക്കും. സഹജീവികളോടുള്ള സഹാനുഭൂതി വര്‍ദ്ധിപ്പിക്കും. സഹവര്‍ത്തിത്ത്വവും സാഹോദര്യവും പുലരും. സ്വാര്‍ത്ഥത ഇല്ലാതാവുകയും നമ്മള്‍ ഈശ്വരനോട്, അള്ളാഹുവിനോട് വളരെയടുത്തെത്തുകയും ചെയ്യും.

                  എണ്ണപ്പാടങ്ങളില്‍ കണ്ണുനട്ട് അറേബ്യന്‍ രാഷ്ട്രങ്ങളുടെ നെഞ്ചിന്‍ക്കൂടിലേക്ക് നഖം കുത്തിയിറക്കുന്ന സാമ്രാജ്യത്ത്വത്തിന്റെ ഇപ്പോഴത്തെ നായകനായ ഒബാമയും അള്ളാഹുവിന്റെ നാമത്തിലെന്നാക്രോശിച്ച് സഹോദരന്മാരെയും കുഞ്ഞുങ്ങളേയും കശാപ്പ് ചെയ്യുന്ന ഒസാമമാരും ദൈവത്തിന്റെ മുന്നില്‍ കുറ്റവാളികളാണ്.

                 ദൈവത്തിന്റെ സംരക്ഷകാരാകുന്ന ആരും ദൈവത്തിന് സ്വീകാര്യനല്ല. ദൈവം അവരെ വെറുക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും പാലസ്ഥീനിലും കാശ്മീരിലും ലോകരാഷ്ട്രങ്ങളിലേതൊരിടത്തും കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍, സ്ത്രീകളെ വേട്ടയാടുകയും അനാഥരാക്കപ്പെടുാകയും ചെയ്യുന്നവര്‍, അധികാരത്തിനുവേണ്ടി കൊലയാളികളാകുന്നവര്‍! ദൈവം ആരേയെങ്കിലും വെറുക്കുന്നുണ്ടെങ്കില്‍ അത് ഇവരെയാണ്. ഇവരെ! ഇവരെ മാത്രമാണ്! അതെ, ഇവരെ മാത്രം!

                 ഭൂഗോളത്തിന്റെ വലുപ്പവുമായി താരതമ്യം ചെയ്താല്‍ ഒരു ചെറിയ മൂലക്കുരുവിന്റെ വലുപ്പമുള്ള ഇസ്രായേലെന്ന രാഷ്ട്രത്തിന് പാലസ്ഥീനിനെ ആക്രമിക്കാനുള്ള ധൈര്യം ഉണ്ടായതും, മൂലക്കുരുവിനേപ്പോലെ ലോകത്താകെ അസ്വസ്ഥതയുണ്ടാക്കുന്നതും ആ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ ശക്തനായൊരു സംരക്ഷകനുള്ളതുകൊണ്ട് തന്നെയാണ്.
                 അള്ളാഹു തകര്‍ന്നു പോകുന്ന ഈ ലോകത്തെ രക്ഷിക്കട്ടെയെന്ന് ഈ റംസാന്‍ ദിനത്തില്‍ ആഗ്രഹിച്ചുകൊണ്ട്  എല്ലാവര്‍ക്കും റംസാന്‍ ദിന ആശംസകള്‍ നേരുന്നു.













Tuesday, June 10, 2014

ധീരനായ പോരാളി, കെ.ശശീന്ദ്രന്‍, സര്‍വ്വീസ് മേഖലയിലെ പോരാട്ടങ്ങളോട് വിട പറഞ്ഞു

                                                                                                                                   ലൂസിഫര്‍

              സൂദീര്‍ഘമായ പോരാട്ടങ്ങള്‍ക്കുശേഷം കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സ:കെ.ശശീന്ദ്രന്‍ സര്‍വ്വീസ് മേഖലയോട് വിടപറഞ്ഞു. സ്വയമൊരു പോരാളിയും ഒപ്പം പടനായകനുമായി വര്‍ഗ്ഗശത്രുക്കളോടും അനീതികളോടും നീതിനിഷേധങ്ങളോടും ബ്യൂറോക്രാറ്റിക് ധാര്‍ഷ്ട്യങ്ങളോടും സന്ധിയില്ലാതെ മൂന്നു പതിറ്റാണ്ടിലേറെക്കാലം പോരാടുകയും പടനയിക്കുകയും ചെയ്ത്, സര്‍വ്വീസ് മേഖലയിലെ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സഖാവ് നിറപുഞ്ചിരിയോടെ സര്‍ക്കാര്‍ ജോലിയോട് വിടപറഞ്ഞത്.

             1981ല്‍ വനം വകുപ്പില്‍ പത്തനംതിട്ടയിലെ റാന്നിയില്‍ ക്ലാര്‍ക്കായി പി.എസ്.സി നിയമനത്തിലൂടെയാണ് സഖാവ് സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നത്. യൂണിയന്‍ റാന്നി ബ്രാഞ്ച് സെക്രട്ടറി, പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ യൂണിയന്റെ നേതൃസ്ഥാനത്ത് തുടര്‍ന്ന സഖാവ്, കൊല്ലം ജില്ലയില്‍ വകുപ്പ് മാറ്റത്തിലൂടെ വാണിജ്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച 1987 മുതല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച 2014 മെയ് 31 വരെ ജില്ലയില്‍ യൂണിയന്‍ നേതൃസ്ഥാനത്ത് തുടര്‍ന്നു. യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വരദരാജന് ശേഷം ജില്ലയിലെ യൂണിയന്റെ അവസാനവാക്കായിരുന്നു സഖാവ്.

           യാദൃശ്ചികമായല്ല സഖാവ് എന്‍.ജി.ഒ യൂണിയനിലേക്ക് കടന്നുവന്നത്. യൂണിയനോടൊപ്പമല്ലാതെ സഖാവിന് മുന്നോട്ട് പോകാനുമാകുമായിരുന്നില്ല. സഖാവിന്റെ ഉള്ളിലെ വിപ്ലവവീര്യവും വര്‍ഗ്ഗബോധവും വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ പ്രകടമായിരുന്നു.  അനീതിയോടും നീതിനിഷേധങ്ങളോടുമുള്ള ക്ഷുഭിതയൗവനത്തിന്റെ പ്രതിഷേധം, തീക്കനല്‍ താണ്ടിവന്നെത്തുന്ന വിപ്ലവവീര്യവും സമരതീഷ്ണതയും വര്‍ഗ്ഗബോധവും ആവാഹിച്ചെടുത്ത്, പുരോഗമന ആശയങ്ങള്‍കൊണ്ടലങ്കരിച്ച സമരരഥമേറി, സാമൂഹിക മാറ്റത്തിന്റെ ശംഖൊലി മുഴക്കി, വിജയപഥങ്ങളിലൂടെ മുന്നേറുന്ന എസ്.എഫ് ഐയുടെ പ്രവര്‍ത്തകനാകാന്‍ സഖാവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

          കൊല്ലം എസ്.എന്‍ കോളജില്‍ പഠിക്കുമ്പോഴാണ് ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. വിദ്യാര്‍ത്ഥിനേതാക്കന്മാരെയെല്ലാം, വേട്ടനായ്ക്കളായിമാറിയ പോലിസ്, വേട്ടയാടിപ്പിടിച്ച് ലോക്കപ്പുകളിലും ജയിലറകളിലും അടച്ചു. നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ശേഷിച്ച മറ്റു നേതാക്കന്മാര്‍ക്ക് ഒളിവില്‍പ്പോകേണ്ടി വന്നു. ചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഇരുണ്ട കാലമെന്ന് വിശേഷിപ്പിക്കുന്ന അടിയന്തിരാവസ്ഥകാലഘട്ടത്തിലെ അടിമകളാക്കപ്പെട്ട ജനതയുടെ ദിനരാത്രങ്ങളും, കാളരാത്രികളും പുതുതലമുറയുടെ അനുഭവങ്ങള്‍ക്കപ്പുറമുള്ള നിഗൂഢതകള്‍കൊണ്ട് തമസ്‌ക്കരിക്കപ്പെട്ട കാലഘട്ടമാണ്. ഏതൊരു വീട്ടിലേക്കും ആരുടെ മുന്നിലേക്കും രാത്രിയിലൊ പകലൊ, എപ്പോള്‍ വേണമെങ്കിലും ബൂട്ടുകളുടെ ഉറച്ചകാലൊച്ചയോ, അന്ന് ഇടിവണ്ടികളെന്ന് അറിയപ്പെട്ടിരുന്ന പോലിസ് വണ്ടികളൊ വന്നു നില്ക്കാം. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യുന്നവനെ തെരുവില്‍ പരസ്യമായി മര്‍ദ്ദിക്കാം. പോലിസ് സ്‌റ്റേഷനുകളിലൊ രഹസ്യ കേന്ദ്രങ്ങളിലൊ കൊണ്ടുപോയി ക്രൂരവും നവീനവുമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കാം. അറസ്റ്റ് ചെയ്യപ്പെട്ട നിസ്സഹായനെ ഗരുഡന്‍തൂക്കമാടിക്കുക, അവന്റെ പൊക്കിള്‍ കുഴിയില്‍ പഴുതാര തേള്‍ വണ്ട് ചെല്ലി തുടങ്ങിയ ക്ഷുദ്രജീവികളെ നിറച്ച ചിരട്ടയോ കുപ്പികളോ പാട്ടകളോ കമിഴ്ത്തിവക്കുക, നഗ്നനാക്കി വലിയ പാന്റ്‌സ് ധരിപ്പിച്ചശേഷം ഇത്തരം ക്ഷുദ്രജീവികളെ അതിനുള്ളില്‍ നിറച്ച് രണ്ട് കാലിലും പാദങ്ങളോട് ചേര്‍ത്ത് പാന്റ്‌സിന്റെ രണ്ട് കാലഗ്രങ്ങളും, മറ്റേയഗ്രം നെഞ്ചിനോട് ചേര്‍ത്തും കെട്ടുക തുടങ്ങിയവ അന്നത്തെ ക്രുരതകളുടെ ഏതാനം ഇനങ്ങള്‍മാത്രമാണെന്നോര്‍ക്കുക. ക്രുരവും പൈശാചികവും ഭീകരവുമായ മര്‍ദ്ദനരീതികള്‍ പ്രയോഗിക്കുമ്പോള്‍ വേദനകളാല്‍ അസഹ്യമായിയുയരുന്ന ഇരകളുടെ നിലവിളികള്‍കൊണ്ട് പോലീസ് ലോക്കപ്പുകള്‍ മുഖരിതമായിരുന്നു, അക്കാലമത്രയും. ഹിറ്റലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പകളെപ്പോലും നാണിപ്പിക്കുന്നതരത്തിലുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ കേരളത്തിലുണ്ടായിരുന്നു. ഉരുട്ടലായിരുന്നു അക്കാലത്തെ പോലിസുകാരുടെ ക്രൂരവിനോദം. എവിടേയും ഒറ്റുകാര്‍. രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാല്‍ നിസഹായരേയും നിരപരാധികളേയും, അല്ല, ആരെ വേണമെങ്കിലും ഒറ്റുമെന്നസ്ഥിതി. ഭരണാധികാരിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. കെ.കരുണാകരന്‍ കേരളത്തിലെ ആഭ്യന്തരമന്ത്രി. തികഞ്ഞ സേഛാധിപതി. ജയറാംപടിക്കലെന്ന ക്രുരനായ പോലീസ് ഉദ്യോഗസ്ഥന്‍. ആജ്ഞാനുവര്‍ത്തികളും അനുചരവൃന്ദങ്ങളും ചെന്നയ്ക്കളെപ്പോലെ ഇരകളെ തെരുവില്‍ വേട്ടയാടി, ഭരണത്തിന്റെ ശീതളഛായയില്‍ സുഖഭോഗങ്ങളാവോളം ഭുജിച്ച നാളുകള്‍. ചാരിത്ര്യചോരന്മാരായ വിടന്മാര്‍. മരണങ്ങള്‍. ശവങ്ങള്‍. അജ്ഞാതജഢങ്ങള്‍. കാണാതാകലുകള്‍. ക്ഷയരോഗികള്‍.

            പോലീസും, ഭരണാനുകൂലികളും, ആഭാസന്മാരും, ചട്ടമ്പിമാരും ഭീകരതാണ്ഡവമാടിയ അടിയന്തിരവസ്ഥക്കാലത്ത് സഖാവ് പഠിച്ചുകൊണ്ടിരുന്ന കൊല്ലം എസ്.എന്‍ കോളജിലേയും സ്ഥിതി മറിച്ചായിരുന്നില്ല. വിദ്യാര്‍ത്ഥി നേതാക്കന്മാരെല്ലാം ഒന്നുകില്‍ ഒളിവില്‍, അല്ലെങ്കില്‍ ജയിലിലൊ ലോക്കപ്പിലൊ അടയ്ക്കപ്പെട്ടു. നേതൃത്വം നല്കാന്‍ പോയിട്ട് നോട്ടീസ് വിതരണം ചെയ്യാനോ ഒരു പോസ്റ്റര്‍ പതിക്കുന്നതിനോപോലും ആരുമില്ല. അരാജകത്വവും ഭയവും. പക്ഷെ വെറും ജൂനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന സഖാവ് സധൈര്യം, ഒറ്റയ്ക്ക,് കോളജ് കാമ്പസില്‍ എസ്.എഫ്.ഐയുടെ പോസ്റ്റര്‍ പതിച്ചുകൊണ്ടാണ് ഭീകരവാഴ്ചക്കെതിരെ പ്രതികരിച്ചത്. ആ വെല്ലുവിളി കാമ്പസില്‍ നെടുവീര്‍പ്പുകളുയര്‍ത്തി. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കാമ്പസ് ശാന്തമായിരുന്നു, പകല്‍ മുഴുവനും. ആശ്വാസത്തോടെ എല്ലാവരും വീട്ടിലേക്ക്. പക്ഷെ രാത്രിയിലാണ് രാക്ഷസന്മാരും പിശാചുക്കളും ഇരതേടിയിറങ്ങുന്നത്. അന്നും അതുതന്നെ സംഭവിച്ചു. രാത്രിയില്‍ സഖാവിന്റെ വീടിനടുത്തുള്ള കള്ളുഷാപ്പില്‍ പോലിസ് വീടന്വേഷിച്ചെത്തി. കാട്ടിക്കൊടുക്കാതിരുന്ന ഷാപ്പുടമയുടെ കൈ തല്ലിയൊടിച്ചുകൊണ്ടാണ് പോലിസ് അവരുടെ സാന്നിദ്ധ്യം അറിയിച്ചത്. ലോക്കപ്പിലായ സഖാവിനെ വലിയ പരിക്കുകളില്ലാതെ വീണ്ടെടുക്കാന്‍ കഴിഞ്ഞത് വര്‍ഗ്ഗ ബഹുജനസംഘടനയുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും നിരന്തര ഇടപെടലും നിതാന്ത ജാഗ്രതയുമാണ്. സി.പിഐ(എം) ജില്ലാ സെക്രട്ടറി സ:എന്‍.ശ്രീധരന്‍ സ:ഇ.എം.എസിനെക്കൊണ്ട് ഈ വിഷയത്തിലിടപെടുവിച്ചിരുന്നു. എന്നാല്‍ ദിര്‍ഘകാലം സഖാവിന്റെ പിതാവിനെ സ്‌റ്റേഷനില്‍ വരുത്തി നിരന്തരം തേജോവധം ചെയ്തുകൊണ്ടാണ് പോലിസ് അവരുടെ ഇരയെ നഷ്ടപ്പെടുത്തിയതിന്റെ അമര്‍ഷം തീര്‍ത്തത്..

           സ:എന്‍.ശ്രീധരന്റെ പ്രത്യേകവാത്സല്യത്തിന് ഭാജനമായ സഖാവിനെ, പഠനാനന്തരം, സ:എന്‍.എസ് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള ദേശാഭിമാനി ബുക്‌സ്റ്റാളിന്റെ മാനേജരാക്കി ചുമതലയേല്പിച്ചു. അവടെനിന്നാണ് പി.എസ്.സി പരീക്ഷ എഴുതി സര്‍വ്വീസിലേക്ക് സ:ശശീന്ദ്രന്‍ കടന്നു വന്നത്.

           സഖാവ് സര്‍വ്വീസിലേക്ക് കടന്നുവന്ന കാലത്തിന് മുമ്പേതന്നെ സര്‍വ്വീസില്‍ നിലനിന്നിരുന്ന ബ്യൂറോക്രസിയുടെ അടിമയുടമകാലത്തിനന്ത്യം കുറിച്ചിരുന്നു. 1973ലെ 54 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ പോരാട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചരിത്രം സാക്ഷ്യംപറയുന്നത് ജീവനക്കാരന്‍ തന്റെമേല്‍ ബ്യൂറോക്രസി അടിച്ചേല്പ്പിച്ച അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് അത്മാഭിമാനത്തോടെ നിവര്‍ന്ന് നില്ക്കാനും, അവന്റെ അവകാശങ്ങള്‍ മേലധികാരിയോട് ചോദിച്ച് വാങ്ങാനുമുള്ള കരുത്താര്‍ജ്ജിച്ചുവെന്നാണ്. ജീവനക്കാരനില്‍ വര്‍ഗ്ഗബോധമുണര്‍ത്തിയ സമരം കൂടിയായിരുന്നു എഴുപത്തിമൂന്നിലെ ഈ പണിമുടക്കം. എന്നാല്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും ഭരണാനുകൂല സംഘടനകളും തരം കിട്ടുമ്പോഴെല്ലാം ജീവനക്കാരനെ പലവിധ പീഢനങ്ങള്‍ക്കും വിധേയമാക്കാന്‍ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. ഇതിനെതിരെ യൂണിയന്‍ സന്ധിയില്ലാത്തപോരാട്ടങ്ങളാണ് നിരന്തരം നടത്തിയത്. 2002ലെ ചരിത്രമായിമാറിയ വര്‍ഗ്ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നു നടത്തിയ പ്രക്ഷോഭത്തോടെ ഉടലെടുത്ത ഐക്യത്തിന്റെ കാലത്തിന് ശേഷം ഇന്ന് ഭരണത്തിന്റെ ശീതളഛായയില്‍ സുഖഭോഗങ്ങള്‍ കാംക്ഷിക്കുന്ന ഭരണാനുകൂല സംഘടനാനേതാക്കന്മാര്‍ അപഥസഞ്ചാരികളായിമാറി ജീനക്കാരെ പീഢനങ്ങള്‍ക്ക് വിധേയമാക്കുകയാണ്. സിവില്‍സര്‍വ്വീസില്‍ നിലനില്ക്കുന്ന ഇത്തരം അസന്തുലിതാവസ്ഥക്കും ഉച്ചനീചത്വത്തിനും പീഢനങ്ങള്‍ക്കുമെതിരെ സഖാവ് കാര്‍ക്കശ്യത്തോടെയാണ് ഇടപെടലുകള്‍ നടത്തിയത്.

            ലീവ്‌സറണ്ടര്‍ ആനുകൂല്യം അട്ടിമറിക്കാന്‍ കെ.കരുണാകരന്‍ നടത്തിയ നീക്കത്തിനെതിരെ നടത്തിയപോരാട്ടം സഖാവിന്റെ സിവില്‍ സര്‍വ്വീസ് ജീവിതത്തിന്റെ പ്രാരംഭകാലത്തായിരുന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതെന്നത് തന്നെ നീണ്ട പോരാട്ടങ്ങളുടെ കാലവുമായിരുന്നു. 1983ല്‍ ലഭ്യമാക്കേണ്ട ശമ്പളപരിഷ്‌ക്കരണം നേടിയെടുക്കുന്നതിന് വേണ്ടി 1984ലും 85ലും നടന്ന രണ്ട് അനിശ്ചിതകാല പണിമുടക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടാണ് സഖാവ് യൂണിയന്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത്.

           1987ല്‍ കൊല്ലം ജില്ലയിലേക്ക് വകുപ്പ് മാറ്റത്തിലൂടെ കടന്നു വന്ന സഖാവ് വിരമിക്കുന്ന കാലത്തോളം ജില്ലയുടെ ഭാഗമായി നിന്നു. ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തുകൊണ്ടാണ് ജില്ലയില്‍ നേതൃരംഗത്തേയ്ക്ക് വരുന്നത്. തുടര്‍ന്ന് ദീര്‍ഘമായ പത്തുവര്‍ഷക്കാലം ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു.  ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും വൈസ് പ്രസിഡണ്ടായും ചുമതലകള്‍ ഏറ്റെടുത്ത് സംസ്ഥാന സെന്ററിന്റെ ഭാഗമായി തന്നിലര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ വീഴ്ചകളില്ലാതെ നിര്‍വ്വഹിക്കുമ്പോഴും, ജില്ലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് വീഴ്ചകള്‍ പരിഹരിക്കുന്നതിനും, സംഘടനയെ മുന്നോട്ട് നയിക്കുന്നതിനുമാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും, പ്രതിസന്ധിഘട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്കി സമരസജ്ജരാക്കിമാറ്റുന്നതിനും, വലിയ ശ്രദ്ധ നല്കാന്‍ സഖാവ് സമയം കണ്ടെത്തിയിരുന്നു.

           സഖാവ് ജില്ലയിലുണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു 1992ലും 2002ലും 2013ലും സംഘടന ചൂഷകരായ ഭരണാധികാരി വര്‍ഗ്ഗത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തത്. കേന്ദ്ര പാരിറ്റിയുടെ മറവില്‍ ജീവനക്കാരനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനും അയ്യഞ്ചാണ്ടില്‍ ശമ്പളപരിഷ്‌കരണമെന്ന തത്വം അട്ടിമറിക്കാനും ശ്രമം നടന്നത് 1992ലായിരുന്നു. ഇതിനെതിരെ യൂണിയന്‍ വലിയ ചെറുത്തുനില്പ്പാണ് നടത്തിയത്. ജില്ലയില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജീവനക്കാരില്‍ നിന്നുമുയര്‍ന്നുവന്ന പ്രതിഷേധത്തെ നുണപ്രചരണങ്ങളഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും പ്രതികാരനടപടികള്‍ സ്വീകരിച്ചുമാണ് അടിച്ചൊതുക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ സഖാവ് പ്രവര്‍ത്തകരില്‍ സമരാവേശമുണര്‍ത്തി  കൊടുങ്കാറ്റുപോലെ നുണപ്രചരണങ്ങള്‍ക്കും, ഭീഷണികള്‍ക്കും, പ്രതികാരനടപടികള്‍ക്കുമെതിരെ ആഞ്ഞടിച്ച് ശത്രുവിനെ നിലംപരിശ്ശാക്കി യുണിയന്റെ പതാക ഉയരേക്ക് ഉയര്‍ത്തിപ്പിടിക്കുകയായിരുിന്നു.

            2002ല്‍ യോജിച്ച പണിമുടക്കമായിരുന്നുവെങ്കിലും കൊട്ടാരക്കരയില്‍ പണിമുടക്കിയ സഖാക്കള്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി, ഭരണവര്‍ഗ്ഗത്തോടുള്ള തങ്ങളുടെ കൂറ് തെളിയിച്ചു. പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനവും യോഗവും മര്‍ദ്ദിച്ചൊതുക്കാന്‍ പോലിസ് ശ്രമിച്ചുവെങ്കിലും സ:ശശീന്ദ്രന്റെ സമയോചിതമായ ഇടപെടല്‍ പോലിസിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു.

           2013ല്‍ ജില്ലയിലാകെ പോലിസും ഗുണ്ടകളും ഭരണാനുകൂലസംഘടനകളും പണിമുടക്കിനെ മര്‍ദ്ദനവും കള്ളക്കേസുകളും ഭീഷണിയുംകൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജില്ലയിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെതിരെ സമരസഖാക്കളെ തീപ്പന്തംപ്പോലെ ജ്വലിപ്പിച്ചു നിറുത്തി സമരം വിജയിപ്പിക്കാന്‍ സഖാവിന് കഴിഞ്ഞു.

          സഖാവ് ജില്ലയില്‍ യുണിയന് മാത്രമല്ല സഹോദരസംഘടനകള്‍ക്കും പ്രചോദനമായിരുന്നു കൊല്ലം ജില്ലയോട് വല്ലാത്തൊരു ഹൃദയബന്ധം സഖാവിനുണ്ട്. ജില്ലയില്‍ ജനിച്ചുവളരുകയും ദീര്‍ഘകാലം കൊല്ലത്തുതന്നെ ജോലിനോക്കുകയും ചെയ്‌തെങ്കിലും സഖാവ് പതിറ്റാണ്ടുമുമ്പുതന്നെ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് താമസം.

          സര്‍വ്വീസില്‍ നിന്നും വിരമിച്ചുവെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പ് അല്പംപോലും ചോര്‍ന്നുപോകാത്ത സ:ശശീന്ദ്രന്‍, സഖാവിന്റെ ഇനി വന്നെത്താനുള്ള സുദീര്‍ഘമായ പൊതുപ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. തീര്‍ച്ചയായും ക്ഷുഭിതയൗവനത്തിന്റെ തളരാത്ത ക്ഷോഭമനസ്സും, മനസിലെ കെടാത്ത അഗ്നിയും നെഞ്ചില്‍ സൂക്ഷിക്കുന്ന സഖാവിന് വര്‍ഗ്ഗവഞ്ചകര്‍ക്കും ചൂഷകര്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ വര്‍ഗ്ഗബഹുജനസംഘടനകള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് പോരാളിയായും പടനായകനായും ഇനിയും കാലമേറെ താണ്ടാന്‍ ബാക്കിയുണ്ട്. 







Saturday, June 7, 2014

Friday, June 6, 2014

ഹിപ്പോക്രാറ്റ്

             
                                                                                   
                                                                                      ലൂസിഫര്‍

             കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന കാപട്യക്കാരന്‍ എ.കെ ആന്റണിയായിരുന്നു. വി.എം. സുധീരനുമായി താരതമ്യം ചെയ്താല്‍ ആന്റണി ആരുമല്ല. ശിഷ്യന്‍ ആശാന്റെ ഗുരുവായി ആശാനെ പാഠം പഠിപ്പിക്കുകയാണിപ്പോള്‍.

             സ്ഥാനമാനങ്ങളിലില്ലാതിരുന്നപ്പോള്‍ സ്വന്തം പാര്‍ടിയേയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയേയും വിമര്‍ശനത്തിന്റെ ആക്ഷേപശരങ്ങള്‍കൊണ്ട് മുറിവേല്പിച്ച മഹാന്‍ കെ.പി.സി.സി പ്രസിഡണ്ടായപ്പോള്‍ അച്ചടക്കത്തിന്റെ ഖഡ്ഗവുമായി സത്യം വിളിച്ചുപറയുന്നവര്‍ക്കെതിരെ ആക്രോശിച്ചടുക്കുന്ന കിരാതനായി മാറി.

             പാര്‍ലമെന്റ് തെരഞ്ഞെടുടപ്പിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫും, ദേശീയതലത്തില്‍ കോണ്‍ഗ്രസും തറപറ്റുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്ന സുധീരന്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുപോയി. പഴയ ആശാന്റെ മുഖ്യമന്ത്രിപദപ്രവേശനത്തിനായി ചാരായനിരോധനമേറ്റെടുത്തപ്പോള്‍ ശിഷ്യന്‍ ബാറുകള്‍ക്കെതിരെ തിരിഞ്ഞു

            മിനിമം കോണ്‍ഗ്രസ് നേതാക്കന്മാരെങ്കിലും മദ്യവര്‍ജ്ജകരാകണമെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും പ്രഖ്യാപിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. കാരണം സുധീരനും കോണ്‍ഗ്രസ് നേതാക്കന്മാരും ഗാന്ധി ശിഷ്യന്മാരാണല്ലോ.

            ബാര്‍ വിവാദം കത്തിനില്ക്കുമ്പോള്‍ സുധീരശിഷ്യന്മാരായ ചില നേതാക്കന്മാര്‍ ശ്രീലങ്കയില്‍പ്പോയെന്നും ബര്‍മ്മുഡയൊക്കെയിട്ട് അര്‍മാദിച്ചെന്നും കലാകൗമുദിയില്‍ ലേഖനം വന്നു. സല്‍ക്കരിച്ചത് മലയാളിയായൊരു ശ്രീലങ്കന്‍ ബാര്‍ മുതലാളിയായിരുന്നുപോലും. നിഷേധക്കുറുപ്പൊന്നും വരാത്തത്‌കൊണ്ട് സത്യത്തെ നിഷേധിക്കാനാവില്ലെന്ന സത്യം തെളിഞ്ഞുവരുന്നു.

           സുധീരനെപ്പോലെയുള്ളവരാണ് പ്രായോഗിക രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പ്രായോഗിക വത്ക്കരണം കൊണ്ട് കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്നത്.

Sunday, June 1, 2014

Saturday, May 31, 2014

Lucifer Thoughts: ഗ്രീഷ്മമാപിനിയിലെ പി.സുരേന്ദ്രന്റെ കുഷ്ഠരോഗം ബാധിച്ച ചിന്തകള്‍

Lucifer Thoughts: ഗ്രീഷ്മമാപിനിയിലെ പി.സുരേന്ദ്രന്റെ കുഷ്ഠരോഗം ബാധിച്ച ചിന്തകള്‍anrajendran anrajendran

Lucifer Thoughts: സമകാലീന ചിന്തകള്‍ രാംദേവും അഴിമതിയും ഭരണകൂടവും പിന്നെ അടിമകളായ നമ്മളും

Lucifer Thoughts: സമകാലീന ചിന്തകള്‍ രാംദേവും അഴിമതിയും ഭരണകൂടവും പിന്നെ അടിമകളായ നമ്മളുംanrajendran anrajendran

Thursday, May 29, 2014




             ഓണനിലാവ്
              ലൂസിഫര്‍
lucifer.de.recluse@gmail.com
lucifer-thoughts blog spot.com
mobile 8281407776;  9048517102

ആവണിമാസത്തില്‍  ആമോദത്തോടെ ഞാന്‍
പൊന്നൂഞ്ഞാലിട്ടേറെ  കാത്തിരുന്നു!
പൊന്നോണ സദ്യയും  കോടിയുമായി നീ
എന്നെ ക്ഷണിയ്ക്കുമതോര്‍ത്തിരുന്നു!
തുമ്പയും  മന്ദാരപ്പൂക്കളിറുത്തു നാം
പൊന്നോണ  പൂക്കളമിട്ടതല്ലേ!

പൊന്നിന്‍ കിനാവിലേ  പൂമരക്കൊമ്പിലേ
പൂക്കളടര്‍ത്തി ഞാന്‍ തന്നതല്ലേ!
ഓണനിലാവിലാ കല്പടവിലെന്റെ
ഹൃദയാമൃതം നീ നുകര്‍ന്നതല്ലേ!
പൂമണം പേറും ഇളങ്കാറ്റില്‍ പാറും നിന്‍
കൂന്തലാലെന്നെ പുതപ്പിച്ചതല്ലേ!
ഓളങ്ങള്‍ താളത്തിലൊഴുകും പുഴയില്‍ നാം
നീരാടി  കേളികളാടിയില്ലേ!
രാവിലാ പുഴയുടെ തീരത്തു നീയെന്റെ
പ്രണയം നുകര്‍ന്നു മയങ്ങിയില്ലേ!

എങ്ങുപോയെങ്ങുപോയ്  എന്റെ കിനാപ്പക്ഷി
നിന്‍ ചിറകൊച്ചയ്ക്കായ് കാതോര്‍ക്കുന്നൂ ഇന്നും!
സൂര്യന്‍ ഞാന്‍ തേടുന്നെന്‍ താമരപ്പൂവേയെന്‍
മാനസസരസ്സില്‍ നീ വീണ്ടും വിടരില്ലേ!
സൂര്യന്‍ ഞാനെന്നും ഉദിയ്ക്കുന്നീ മാനസ-
സരസ്സിന്റെ തീരത്തു  നിന്നെയും തേടി ഞാന്‍.
കേള്‍ക്കുന്നു നിന്റെയമര്‍ത്തിയ തേങ്ങല്‍ ഞാന്‍
ഇളങ്കാറ്റില്‍  മൂളും മുളതന്‍ സ്വനംപോലെ!
ചുഴറ്റി വരുന്നുണ്ട് ഒരു കാറ്റെന്‍ ഹൃദയത്തില്‍
വിരഹത്തിന്‍ തീമഴ പെയ്യുന്നതിനൊപ്പം!

വരിക നീ ഈ ജന്മത്തിന്നപ്പുറത്തൊരു
വാസന്ത ഋതുവായി  താമരപ്പൂവായി!
നിന്റെയാ ജന്മത്തില്‍  പുനര്‍ജ്ജന്മം തേടി ഞാന്‍
സ്വയം എരിഞ്ഞമരുന്നു  കനലായി ചാരമായ്!  






കേരളാ എന്‍.ജി.ഒ യൂണിയന്‍ 51-ാം സംസ്ഥാന സമ്മേളത ദൃശ്യങ്ങള്‍