lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Monday, February 13, 2012

ശവം വില്ക്കുന്നവര്‍ (സമകാലീന ചിന്തകള്‍) (13.02.2012)





ശവം വില്ക്കരുത്.

ശവത്തിനുവേണ്ടി കാത്തിരിയക്കുന്നവര്‍ കഴുകന്മാരാണ്.

ഒരാള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ആയാളെക്കുറിച്ച് നല്ലതൊന്നും പറയാതിരിയ്ക്കുകയും അവഗണിയ്ക്കുകയും ചെയ്തശേഷം, മരണാനന്തരം ചാക്കാലക്കരച്ചിലില്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ച് അത്യുച്ചത്തില്‍ നിലവിളിച്ച് ആളുകളുടെ ശ്രദ്ധ നേടുന്നവന്റെ സംസ്‌കാരവും മനോഗതിയുമെന്തായിരിയ്ക്കും.

അഴീകോട് മാഷ് മരണം വരെ കേരളത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മൂല്യച്യുതികള്‍ക്കെതിരെ വാക്കുകളെ അഗ്നിശരങ്ങളാക്കിയ പടനായകനായിരുന്നു. അദ്ദേഹം ഒരുക്കിയ അഗ്നികുണ്ഠത്തില്‍ വെന്തുവെണ്ണീറാകാത്ത ഒരപഥസഞ്ചാരിയുമുണ്ടായിരുന്നില്ല.

ഇടതുപുരോഗമനപ്രസ്ഥാനത്തിന്റെ സഹചാരിയായിരുന്നെങ്കിലും ആ രാഷ്ട്രിയപ്രസ്ഥാനത്തില്‍ അംഗത്വമില്ലാത്ത സ്വതന്ത്ര ചിന്തകനുമായിരുന്നു, അദ്ദേഹം. നേതാവോ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും ഭാരവാഹിയോ ആയിരുന്നില്ല. എന്നാല്‍ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലെ ശരിമകൊണ്ടു വളര്‍ന്ന് ഹിമവാനേപ്പോലെ ഗാംഭീര്യമാര്‍ജിച്ച വ്യക്തിത്വത്തമായിരുന്നു അദ്ദേഹം. എവറസ്റ്റ് കൊടുമുടിയോളം ഉയരവുമുണ്ടായിരുന്നു അദ്ദേഹത്തിന്.

അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കേരളം എന്നും ഉണര്‍ന്നെഴുന്നേറ്റു. കാതോര്‍ത്തു. അഗ്നിശ്ശരമായും ചാട്ടുളിയായും സംഗീതമായും സാന്ത്വനമായും അദ്ദേഹത്തിന്റെ വാക്കുകള്‍ മലയാളമണ്ണിന്റെ കൊടങ്കാറ്റും തീജ്ജ്വാലയും പേമാരിയും കുളിര്‍കാറ്റും മഞ്ഞുമായി. അദ്ദേഹം കടലിരമ്പവും ഇടിമുഴക്കവും മിന്നല്‍പ്പിണറിലെ തീഷ്ണവെളിച്ചവുമായിരുന്നു.

പുരോഗമന ആശയങ്ങള്‍ക്കായി പടപൊരുതിയെന്ന ഒറ്റകാരണത്താല്‍ മലയാളമണ്ണിലെ പാരമ്പര്യം പറയുന്നപത്ര-ദൃശ്യ മാധ്യമങ്ങള്‍ ജീവിച്ചരുന്നപ്പോള്‍ അദ്ദേഹത്തെ ആകാവുന്നതരത്തിലൊക്കെ അപമാനിച്ചു. അവഗണന ക്രൂരമായ അപമാനമാണ്. ഇടതുപക്ഷവുമായി ഇടയുമ്പോള്‍ പ്രാധാന്യം കൊടുക്കകയും അല്ലാത്തപ്പോള്‍ തമസ്‌ക്കരിയ്ക്കുകയും ചെയ്യുന്ന പത്ര-മാധ്യമ ധര്‍മ്മം ഈ നാടിന്റെ ശാപമാണ്.

ഇങ്ങനെ ജീവിച്ചരുന്നപ്പോള്‍ അപമാനിച്ച പത്ര-ദൃശ്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മരണാനന്തരം കൊടുത്ത പ്രാധാന്യവും വാര്‍ത്തകളിലെ തലക്കെട്ടുകളിലെ സാഹിത്യ ഭംഗിയും വായിച്ചാല്‍ നാമൊക്കെ എത്രമാത്രം പരിഹസിയ്ക്കപെടുന്നുവെന്ന് ബോധ്യം വരും.

ആദ്ദേഹം മരിച്ചത്, മരണശയ്യയിലും മാധ്യമങ്ങള്‍ തന്റെ ധിഷണയെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ, അപവാദപ്രചരണം നടത്തിയതില്‍ മനംനൊന്താണ്.

മരണാനന്തരം ഇറക്കിയ ആദ്യത്തെ ഞായറാഴ്ചപ്പതിപ്പിലൂടെ, അവിവാഹിതനായിരുന്ന അദ്ദേഹത്തിന് പ്രണയങ്ങളും ലൈംഗികതയുമുണ്ടായിരുന്നോയെന്ന അന്വേഷണമായിരുന്നു, മലയാളത്തിലെ മുത്തശ്ശിപ്പത്രം നടത്തിയത്.

ആദ്ദേഹത്തിന്റെ ധിഷണയെക്കുറിച്ച് ആ പതിപ്പില്‍ ഒരു വരിപോലുമെഴുതാന്‍ മെനക്കെട്ടില്ല.

അദ്ദേഹത്തിന്റെ അന്ത്യനാളുകളിലെ വിലാപങ്ങള്‍ക്ക് എന്തു വിലയാണ് ഈ പത്രം നല്കിയത്.

മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ വില്പ്പനച്ചരക്കാക്കുന്നവര്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും തകര്‍ക്കന്നവരാണ്.

ഇതേകര്‍ത്തവ്യം ഭംഗിയായിത്തന്നെ നിര്‍വഹിയ്ക്കുകയാണ് ഇതേ പത്രത്തിന്റെ സാഹിത്യ പ്രൗഢമായ മാസിക. ഇവിടെ അദ്ദേഹത്തിന്റെ ധിഷണയേക്കുറിച്ചുള്ള അന്വേഷണമുണ്ടെന്നതുമാത്രമാണ് ആശ്വാസം.

എങ്കിലും അദ്ദേഹം ശവമാകുന്നതുവരെ കാത്തിരിയ്ക്കണമായിരുന്നോ?

ശവത്തിനുവേണ്ടി കാത്തിരിയ്ക്കുന്നവര്‍ കഴുകന്മാരാണ്.

ഇനിയെങ്കിലും നിങ്ങള്‍ ശവം വില്ക്കുന്നവരാകാതിരിയ്ക്കട്ടെ!

No comments:

Post a Comment