lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Sunday, January 8, 2012

ജാലകം (ചെറുകഥ)

ജാലകം, മുറിയ്ക്കുള്ളിലും പുറത്തുമല്ലാതെ, സവിശേഷമായ സ്ഥാനത്തിരുന്ന്, സൂഷ്മതയെ നിഗൂഢതയിലൊളിപ്പിച്ചും സ്ഥൂലതയെ അനാവരണം ചെയ്തും, ജനല്‍പ്പാളികള്‍ അടച്ചും തുറന്നും, അര്‍ത്ഥഗര്‍ഭമായി മന്ദഹസിയ്ക്കുന്നു.


ഞാന്‍, മുറിയ്ക്കുള്ളില്‍, ഇരുളിന്റെ നിഗൂഢതയില്‍ ഒളിപ്പിച്ച, എന്റെ നഗ്നതയില്‍ പരതി എന്നെ തിരയുകയും, അനാവൃതമാക്കപ്പെട്ട സ്ഥൂലതയില്‍ നിറങ്ങളെത്തിരയുകയും ചെയ്യുന്നു.

എത്താ ഉയരത്തിലിരുന്ന്, വായുവും പ്രകാശവുമെത്തിയ്ക്കുന്ന ജാലകം, തടവുകാരന്, പ്രതീക്ഷയും പ്രചോദനവുമാണ്. മറയ്ക്കപ്പെട്ട വിസ്തൃതിയുടെ ഉന്മാദഗന്ധം തടവറയില്‍ നിറച്ച്, അവന് പകല്‍ക്കിനാക്കള്‍ കാണിച്ചുകൊടുക്കും. അവനില്‍ നിറയുന്ന നിരാശയേയും പ്രതീക്ഷയേയും, ജാലകം കൗതുകത്തോടെ നോക്കികാണുകയും ചെയ്യും.

ജനല്‍പ്പാളിയില്‍ ചേര്‍ത്തുവച്ച ചെവിയിലേയ്ക്ക്, നിഗൂഢമര്‍മ്മരം, പൊട്ടിയുയരുന്ന ശീല്ക്കാരത്തില്‍ ചിതറുന്നതും, ചലനങ്ങള്‍ മന്ദതാളത്തില്‍ നിന്നും ദ്രുതതാളത്തിലെത്തി രൗദ്രതാളമായുയര്‍ന്ന് പൊടുന്നനെ മന്ദതാളമായി, ആരവമടങ്ങി പതിയെ താഴ്ന്നു തളര്‍ന്നുവീഴുന്നതും, കേള്‍പ്പിച്ചുതരും.

ജാലകപ്പാളിയിലെ വിടവുകള്‍, മങ്ങിയ വെളിച്ചത്തില്‍, വിരസതകൊണ്ട് വികര്‍ഷിയ്ക്കപ്പെട്ട ശരീരങ്ങളുടെ വെറുപ്പും നിരാശയും നിഗൂഢമായി ഇരുട്ടിലൊളിപ്പിയ്ക്കുന്നതും, നിഗൂഢതയില്‍ ചുറ്റിവളഞ്ഞെത്തുന്ന ജാരപാതകള്‍ തെളിഞ്ഞുവരുന്നതും, ജാരജന്മാര്‍ തേങ്ങുന്നതും, കാട്ടിത്തരും.

ഉപേക്ഷിയ്ക്കപ്പെട്ട അണ്ഡങ്ങളും ബീജങ്ങളും പരസ്പരവും, പിന്നെ ജാതകന്മാരോടും, പടവെട്ടുന്നത് കാട്ടിത്തരും. ആക്രോശങ്ങളും നിലവിളികളും ഉയര്‍ന്ന് കേള്‍ക്കും. നിഗൂഢത, അവരുടെ കണ്ഠങ്ങളെ ഞെക്കിയമര്‍ത്തുകയും, കരിമ്പടംകൊണ്ട് മറപിടിച്ച്, ആഭിചാരങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ തെളിച്ചുകാട്ടും.

കാഴ്ചയിലെ അന്ധതയും, കേള്‍വിയിലെ ബധിരതയും ഉപേക്ഷിയ്ക്കാന്‍ എന്നോടവന്‍ ആക്രോശിച്ചു. നിഗൂഢതയുടെ വിസര്‍ജ്ജ്യത്തിന്റെ രൂക്ഷഗന്ധം തുറന്നുവച്ച എന്റെ നാസാരന്ധ്രത്തിലേയ്ക്കവന്‍ കോരിയെറിഞ്ഞു.

നിഗൂഢതയുടെ മറുപിറവിയാണ് അന്ധകാരം.
അത് നിഗൂഢതയെ കരിമ്പടം പോലെ ഗൂഢമായി പുതപ്പിയ്ക്കുകയും,
രഹസ്യമായി ഒളിപ്പിയ്ക്കുകയും ചെയ്യും.

അന്ധകാരം സത്യവും വെളിച്ചം മിഥ്യയുമാണ്.
ഇരുട്ട് സ്വയംഭൂവും പ്രകാശം കൃത്രിമവും.
ജ്വലിപ്പിച്ചാലെ പ്രകാശമുണ്ടാവു.
ജ്വലനത്തിനു മുമ്പും പിമ്പും അന്ധകാരം.
എത്ര ജ്വലിപ്പിച്ചാലും നിഴലായിട്ടെങ്കിലും ഇരുള്‍ എവിടേയുമുണ്ടുകും.
നമ്മെ പിന്തുടരും.

മറ്റുചിലപ്പോള്‍, മുറിയ്ക്കള്ളിലെ നിഗൂഢതയ്ക്ക് കാവലാളായ്മാറി, തന്റെ വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുകയും മുറിയ്ക്കുള്ളില്‍ ഇരുള്‍ നിറച്ച് പ്രകാശത്തെ ആട്ടിയോടിയ്ക്കുകയും ചെയ്യും.

ജാലകം, അനാവൃതമായ പ്രപഞ്ചത്തിന്റെ സ്ഥൂലമായ പ്രകാശത്തെ, മുറിയ്ക്കുള്ളിലേയ്ക്ക് ആനയിച്ചുകൊണ്ടുവരും, സൂഷ്മാവസ്ഥയിലാണെങ്കില്‍പ്പോലും.
ഇത് ജാലകത്തിന്റെ ചാഞ്ചല്യവും, വെറുപ്പിന്റെ ബഹിര്‍സ്ഫുരണവുമാണ്.
മറ്റുചിലപ്പോള്‍ നിഷ്പക്ഷതയോ പക്ഷപാതിത്തമോ ആകാം.
ഒരു പക്ഷേ, കുസൃതിയും കൗശലവുമാകാം.

ജാലകം, പുറത്തെ അനാവൃതമാക്കപ്പെട്ട നഗ്നതയുടെ സ്ഥൂലതയേക്കാള്‍ അകത്തെ നിഗൂഢനഗ്നതയുടെ സൂഷ്മതയ്ക്ക് കാഠിന്യമേറുന്നതറിഞ്ഞു. ജാലകം, അനാവൃതമായ പ്രപഞ്ചത്തിന്റെ സ്ഥൂലമായ വെളിച്ചം മുറിയ്ക്കള്ളിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്ന് നിഗൂഢതയുടെ കരിമ്പടം വലിച്ചുമാറ്റി.

എന്നാല്‍, മുറിയ്ക്കുള്ളില്‍ മങ്ങിയിട്ടെങ്കിലും ഇരുട്ട് നിറഞ്ഞുനിന്നു.

മുറിയ്ക്കുള്ളലെ നിഗൂഢമായ ഇരുട്ടില്‍ മുളപൊട്ടുന്ന ഗൂഢതന്ത്രങ്ങള്‍, സ്ഥൂലപ്രപഞ്ചത്തില്‍ ഇരുള്‍ വീഴ്ത്തുന്നതും, പൂക്കളില്‍ ദുര്‍ഗന്ധവും പുഴുക്കളും, കായ്കളില്‍ വിഷവും കീടങ്ങളും നിറയ്ക്കുന്നതും അവനെ അസ്വസ്ഥനാക്കി.

ഞാന്‍, ഭോഗനിരതത്താല്‍ ആലസ്യപ്പെട്ട് ഗാഢമായി നിദ്രകൊണ്ടു. അര്‍ത്ഥസുഷുപ്തിയിലെ സ്വപ്‌നങ്ങളില്‍ ഭോഗനിരതനായി തൃഷ്ണനിറച്ച് മധുപാനം നടത്തിക്കൊണ്ടിരിന്നു. ഞരമ്പുകളില്‍ നുരയുന്ന ലഹരിയില്‍, ആസക്തിയോടെ, ജാലകത്തിനുപുറത്തേയ്ക്ക്, സ്ഥൂലമായ പ്രപഞ്ചവെളിച്ചത്തില്‍, നഗ്നതയെ, സദാ തെരഞ്ഞുകൊണ്ടിരുന്നു.

ജാലകം അസ്വസ്ഥനാകുന്നതും അക്ഷമയോടെ പാളികള്‍ തുറന്നടച്ച് ശബ്ദിച്ചതും ഞാന്‍ അവഗണിച്ചു. മുറിയില്‍ നിഗൂഢമായതൊന്നും, ഞാന്‍, തെരയാന്‍ മെനക്കെട്ടില്ല. മുറിയ്ക്കുള്ളിലെ ഇരുളില്‍ ഞാനെന്റെ നഗ്നതയില്‍ പരതുകയും, മുറിയ്ക്കുപുറത്ത് സഥൂലപ്രപഞ്ചവെളിച്ചത്തില്‍, നഗ്നത തേടുകയും ചെയ്തുകൊണ്ടിരുന്നു.
മുറിയില്‍ നിറഞ്ഞുനിന്ന ദുര്‍ഗന്ധം മാറ്റി സ്ഥൂലപ്രപഞ്ചത്തിന്റെ സുഗന്ധവും ജീവവായുവും വെളിച്ചവും എത്തിച്ചുതരുമ്പോള്‍, മുറിയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ട തടവുകാരനോടുകാട്ടിയ അനുകമ്പയ്ക്കപ്പുറം, എന്നിലവന് പ്രതീക്ഷയുണ്ടായിരുന്നു.

ഇരുട്ട് സ്ഥായിയും വെളിച്ചം താത്ക്കാലികവുമാകുമ്പോള്‍ മൃഗീയത സ്ഥിരവും മാനുഷ്യം അസ്ഥിരവുമായിരിയ്ക്കുമെന്ന് ജാലകം തിരിച്ചറിഞ്ഞില്ല.

തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ നിസ്സഹായത ജാലകത്തെ പരിഹസത്തോടെ വരവേറ്റു.

ഞാന്‍ സ്വാര്‍ത്ഥനും അവന്‍ നിസഹായനുമായി. നിസഹായത അവനെ ക്രുദ്ധനാക്കി.

ജാലകം, പുറത്തെ കൊടുങ്കാറ്റിനൊപ്പം പാളികള്‍ വലിയ ശബ്ദത്തില്‍ ശക്തമായി തുറന്നടയ്ക്കുകയും, മിന്നല്‍പ്പിണറുകളെ ഇടിനാദത്തോടൊപ്പം മുറിയ്ക്കുള്ളിലേയ്ക്ക് കടത്തിവിട്ട് പ്രകമ്പനങ്ങളുണ്ടാക്കുകയും, മഴത്തുള്ളികളെ ചീറ്റിത്തെറിപ്പിയ്ക്കുകയും ചെയ്തു.

അവന്‍ സ്ഥൂലമായ പ്രപഞ്ചത്തിലേയ്ക്കും, സൂഷ്മമായ ഭൂമിയിലേയ്ക്കും നോക്കി. ഭൂമിയുടെ അന്തര്‍ ഭാഗത്തേയ്ക്കവന്‍ നോട്ടമയച്ചു. ഭൂകമ്പങ്ങളേയും അഗ്നിപര്‍വ്വതങ്ങളേയും തെരഞ്ഞു.

സ്ഥൂലമായ പ്രപഞ്ചത്തിലേയ്ക്ക് അവന്‍ ജാലകപ്പാളികള്‍ തുറന്നു വച്ചു.
അവന്‍ തടവറയിലെ ഇരുമ്പഴികള്‍പോലെയായി.
പാളികള്‍ ശക്തമായി വലിച്ചടച്ചു.
മുറിയ്ക്കുള്ളിലയ്ക്ക് വായുവും വെളിച്ചവും കയറാതായി.
ദീര്‍ഘനേരം പാളികള്‍ അടഞ്ഞുകിടന്നു.
ഹ്രസ്വനേരത്തേയ്ക്ക് പാളികള്‍ തുറന്നും വച്ചു.

പിന്നെ അതൊരു പതിവായി.

No comments:

Post a Comment