lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, August 18, 2011

അര്‍ത്ഥം നഷ്ടപ്പെടുത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍:- സമകാലീന ചിന്തകള്‍




വിദേശികളില്‍ നിന്നും സ്വദേശികളിലേയ്ക്ക് അധികാരം കൈമാറിയാല്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം കരഗതമായി എന്നു ധരിയ്ക്കുന്നത് വിഡ്ഢിത്തമാണ്, മറിച്ച് അത് അധികാരകൈമാറ്റം മാത്രമേയാകുന്നുള്ളു എന്ന സത്യം തിരിച്ചറിയപ്പെടാതെ പോകരുത്.. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ നിലനിന്നിരുന്ന വംശീയവും, മതപരവും, ജാതീയവും, സാമ്പത്തികവുമായ ഉച്ചനീചത്വത്തിന് എന്തു കുറവാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംജാതമായത്. ബൗദ്ധികവും സാമ്പത്തികവുമായി നമ്മളിന്നും സാമ്രാജ്യത്ത്വത്തിന് അടിമപ്പെട്ടവരാണ്. നമ്മളിന്നും സാമ്രാജ്യത്വത്തിന് മുമ്പില്‍ ഇരന്ന് നില്ക്കുന്ന് യാചകര്‍ തന്നെയാണ്.

ഇന്ത്യയ്ക്കുശേഷം അല്ലെങ്കില്‍ ഇന്ത്യയോടോപ്പം സ്വാതന്ത്ര്യം കിട്ടിയ അല്ലെങ്കില്‍ അധികാരം കിട്ടിയ അല്ലെങ്കില്‍ തകര്‍ന്നുപോയ രാജ്യങ്ങളില്‍ ഇതിനോടകം വന്നുചേര്‍ന്ന പുരോഗതിയുമായി താരതമ്യം ചെയ്തുവേണം ഇന്ത്യയെ വിലയിരുത്താന്‍. എേറ്റവും വലിയ ധാതു-മനുഷ്യ സമ്പത്തുള്ള നാമെവിടെയെത്തിനില്ക്കുന്നുവെന്ന് പരിശോധിയ്ക്കപ്പെടണം.

മാഹാത്മാഗാന്ധിയുടെ കുടംബപ്പേര് ഒരു പ്രത്യേക സാഹചര്യത്തില്‍ നെഹ്രൂ കടുംബത്തിലെ ഒരംഗത്തിന് ചാര്‍ത്തികിട്ടിയതുമൂലം നെഹ്രൂ കുടുംബത്തലെ പിന്മുറക്കാരുടെ പേരിന്റെ വാലായി ഗാന്ധിയെന്ന് ചേര്‍ത്തതുകൊണ്ട് മാഹാത്മാഗാന്ധീജിയുടെ വര്‍ഗ്ഗബോധം പാരമ്പര്യമായി ലഭിയ്ക്കില്ല. ഗാന്ധിയെന്ന് പേരിന്റെ വാലായി ചേര്‍ത്തുകൊണ്ട് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാരമ്പര്യത്തെ വര്‍ജ്ജിയ്ക്കുകയും, നെഹ്രുവിന്റെ ആദര്‍ശങ്ങളും, ദേശീയവും അന്തര്‍ദേശീയവുമായ നയങ്ങളുമെല്ലാം നിരസിയ്ക്കുകയും ചെയ്തുകൊണ്ട് കൃത്രിമ ഗാന്ധികുടുംബം ഇന്ത്യയെ ഇടയനില്ലാത്ത ആട്ടിന്‍പ്പറ്റമാക്കിത്തീര്‍ത്തു.


ജാതീയവും മതപരവുമായി സംഘടിയ്ക്കുന്നവര്‍ക്ക് ഇന്ത്യയുടെ നാനാത്വത്തില്‍ നിന്നും എേകത്വത്തെ സ്വീകരിയ്ക്കാനോ പ്രതിനിധീകരിയ്ക്കുവാനോ കഴിയില്ല. ഇങ്ങനെ സംഘടിയ്ക്കുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയെന്ന അംഗീകാരം നല്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിഹാസ്യമായ അവസ്ഥയെയാണ് കാണിയ്ക്കുന്നത്.

ഈ സ്വാതന്ത്ര്യ ദിനത്തില്‍ എേറ്റവും ആകര്‍ഷണീയമായ മാദ്രാവാക്യം ഉയര്‍ത്തി ഒരു വര്‍ഗ്ഗീയ പാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തിനുനേരെ കൊഞ്ഞനം കാട്ടി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എേറ്റവും വലിയ ദൗര്‍ബല്യം എേതുചെന്നായ്ക്കും ആട്ടിന്‍ തോലിട്ട് മുഖ്യധാരയില്‍ പ്രമുഖമായ സ്ഥാനത്ത് ഇരിപ്പിടവും ആദരവും വേദിയും ഉറപ്പാക്കാമെന്നത് തന്നെയാണ്.


ഇന്ത്യയുടെ ആത്മാവ് സാധുക്കളായ ആടുകളുടെ സങ്കലനമാണെങ്കില്‍, ആ ആടുളുടെ തോലുകള്‍ ജീവനോടെ തന്നെ ഉരിഞ്ഞെടുക്കുന്നവരുടെ എണ്ണവും, അവര്‍ക്ക് തോലുരിയ്ക്കാനായി ആട്ടിന്‍ പറ്റങ്ങളെ തെളിച്ചുകൊണ്ടുപോകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു.

Saturday, August 13, 2011

ഭരണലഭ്യതയ്ക്ക് മുമ്പ് ഭരതനും, ശേഷം ശ്രീരാമനും (സമകാലീന ചിന്തകള്‍)













ഭരതന്‍, ശ്രീരാമന്റെ വ്യക്തിപ്രഭാവത്തിലും അവതാര മാഹാത്മ്യത്തിലും നിറം മങ്ങിപ്പോയ ബിംബമാണ്. ഭരതന്‍ രാമനേക്കള്‍ ഒരു പടി മുന്നിലാണെന്ന സത്യം രാമായണകഥ സൂക്ഷമമായി വിശകലനം ചെയ്താല്‍ വ്യക്തമാകും. ശ്രീരാമന്റെ കാനന വാസത്തിന് രാണ്ടാനമ്മയുടെ ദുരാഗ്രഹം മാത്രമല്ല കാരണം, ശ്രീരാമന്റെ ജന്മദൗത്യം കൂടിയായിരുന്നു. ശ്രീരാമന്റെ ജന്മരഹസ്യം അധര്‍മ്മിയായ രാക്ഷസരാജാവ് രാവണനിഗ്രഹമായിരുന്നു. അങ്ങനെ ശ്രീരാമന്റെ കാനനയാത്ര ശത്രുവിനെത്തേടിയുള്ള യാത്രകൂടിയാണ്. മാത്രല്ല പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും അയോദ്ധ്യയുടെ രാജാവാകുന്നതിനും തടസ്സമില്ലായിരുന്നു. ആതായത് രാജഭരണം ഒരു പ്രതീക്ഷയായി മുന്നിലുണ്ടായിരുന്നു.

എന്നാല്‍ ഭരതന്‍ നിര്‍ബന്ധ ബുദ്ധിയാല്‍ മാതാവ് നേടിക്കൊടുത്ത രാജ്യവും സുഖലോലുപതയും ഉപേക്ഷിച്ച് പിതാവിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച ആ ജ്യേഷ്ഠനെത്തേടി കാട്ടിലേയ്ക്കുപോയി. ജ്യേഷ്ഠനോട് മാപ്പപേക്ഷിച്ച് തിരികെവരാന്‍കേണു. വാക്കിന്, ഇന്നത്തേതില്‍ നിന്നും വ്യത്യസ്ഥമായി, ജീവനേക്കാള്‍ വിലയുണ്ടായിരുന്ന അന്ന് ശ്രീരാമന്‍ അനുജന്റെ ക്ഷണം നിരസിച്ചു. നിരസിയ്ക്കലിന് ജന്മദൗത്യവും കാരണമായിരുന്നു. ദു:ഖിതനായി മടങ്ങിയ ഭരതന്‍, ജ്യേഷ്ഠന്റെ പാദുകങ്ങള്‍ യാചിച്ചുവാങ്ങി. പാദുകത്തിന്റെ പരിപാവനത നഷ്ടപ്പെടാതിരിയ്ക്കാന്‍ ശിരസ്സിലേറ്റി അയോദ്ധ്യയില്‍ കൊണ്ടുവന്നു, ജ്യേഷ്ഠന്‍ മടങ്ങിയെത്തുവോളം, ജ്യേഷ്ഠന്റെ പ്രതിപുരുഷനായി, എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ച്, പരിത്യാഗിയായി, പാദുകത്തെ പൂജിച്ചുകൊണ്ടു രാജഭരണം നടത്തി.

ശ്രീരാമന്‍ അവതാരപുരുഷനും, ഭരതന്‍ കേവലമനുഷ്യ ജന്മവുമാണെന്ന വസ്തുത കൂടി അറിയുമ്പോഴെ ഭരതന്റെ മഹത്വം പൂര്‍ണ്ണമാകു.

ശ്രീരാമന്‍ ശ്രേഷ്ഠനല്ലെന്നല്ല ഞാന്‍ സ്ഥാപിവയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. ഒരോ ഭരണാധികാരിയും മാതൃകയാക്കേണ്ട വ്യക്തിത്വംതന്നെയാണ് ശ്രീരാമന്‍.

എന്നാല്‍ ഭരതന്റെ ത്യാഗമോ? അതല്ലെ ഇന്ന് ഭരണാധികാരിയാകാന്‍ കള്ളച്ചൂതുകളിയ്ക്കുന്ന ഇന്നത്തെഅധികാര ദുര്‍മോഹികള്‍ മാതൃകയാക്കേണ്ടത്.

ഭരണത്തിലേറുംമുമ്പ് ഭരതനാകുകയും, ഭരണത്തിലേറിയാല്‍ രാമനാകുകയും ചെയ്യുകയെന്നതാണ് ശരിയായ മാതൃക.

Tuesday, August 9, 2011

വാവുബലി - സമകാലീന ചിന്തകള്‍








വാവു ബലികള്‍ നല്ലതാണ്. പിതൃക്കളെ ഓര്‍ക്കാനും ആദരിയ്ക്കാനും അഭികാമ്യമായ ഒരു ദിനം. ജീവിച്ചരിയ്ക്കുമ്പോള്‍ പലപ്പോഴും മാതാപിതാക്കളെപ്പോലും വേണ്ടത്ര പരിണിയ്ക്കുകയോ ആദരിയ്ക്കുകയോ ശുശ്രൂക്ഷിയ്ക്കുകയോ ചെയ്യാതെ അവഗണിച്ച് ക്രൂരമായി നരകത്തീയിലേയ്ക്ക് വലിച്ചെറിയുന്ന തലമുറയ്ക്ക് പ്രായശ്ചിത്തം ചെയ്യാനൊരവസരം ലഭിയ്ക്കുന്നത്, മന:സമാധാനം ലഭിയ്ക്കാന്‍ ഉതകുമെങ്കില്‍ ആകട്ടെ.

വാര്‍ദ്ധക്യം ശാപവും, മരണം മോക്ഷവുമാണ്.

വാര്‍ദ്ധക്യത്തിലെ രോഗം നരകവും, മരണം സ്വര്‍ഗ്ഗകവാടവുമാണ്.

മരണം സൂക്ഷ്മമായ സുഷിരത്തിലൂടെ ഞെരുങ്ങിയിറങ്ങി, ഇരുണ്ട തിരിച്ചുവരവില്ലാത്ത അനന്തതയില്‍ വിലയംപ്രാപിയ്ക്കുന്ന വിസ്മൃതിയിലേയ്ക്ക് ആത്മാവിനെകൊണ്ടുപോകുന്നു.


പിതൃക്കള്‍ തിരിച്ചുവരുന്നില്ല. ആത്മാവും. മറിച്ചുള്ളത് വെറും സങ്കല്പം മാത്രം. നിങ്ങളുടെ ഓര്‍മ്മകളില്‍ മാത്രമേ അവരെ കണ്ടെത്താന്‍ കഴിയു. അവരുടെ ജീവിതത്തില്‍ നാം ഇടപെട്ടതെങ്ങനെയാന്നതാണ് കാതലായിട്ടുള്ളതും, നമ്മെ തേടിയെത്തുന്നതും, വേട്ടയാടുന്നതും.


ജീവിച്ചരിയ്ക്കുമ്പോള്‍ നിങ്ങള്‍ക്കവരെ കബളിപ്പിയ്ക്കാം. അത് മരണംവരെ മാത്രം. ആത്മാവിന് ഭാവിയും ഭൂതവും വര്‍ത്തമാനവും സുതാര്യമാണ്. നിങ്ങള്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനുദ്ദേശിയ്ക്കുന്നതുമെല്ലാം.

ജീവിച്ചരിയ്ക്കുമ്പോള്‍ അന്നം നല്കാത്തവന്‍, മരണാനന്തരം വായ്ക്കരിയിട്ടിട്ടെന്തുകാര്യം.