lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Tuesday, June 10, 2014

ധീരനായ പോരാളി, കെ.ശശീന്ദ്രന്‍, സര്‍വ്വീസ് മേഖലയിലെ പോരാട്ടങ്ങളോട് വിട പറഞ്ഞു

                                                                                                                                   ലൂസിഫര്‍

              സൂദീര്‍ഘമായ പോരാട്ടങ്ങള്‍ക്കുശേഷം കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സ:കെ.ശശീന്ദ്രന്‍ സര്‍വ്വീസ് മേഖലയോട് വിടപറഞ്ഞു. സ്വയമൊരു പോരാളിയും ഒപ്പം പടനായകനുമായി വര്‍ഗ്ഗശത്രുക്കളോടും അനീതികളോടും നീതിനിഷേധങ്ങളോടും ബ്യൂറോക്രാറ്റിക് ധാര്‍ഷ്ട്യങ്ങളോടും സന്ധിയില്ലാതെ മൂന്നു പതിറ്റാണ്ടിലേറെക്കാലം പോരാടുകയും പടനയിക്കുകയും ചെയ്ത്, സര്‍വ്വീസ് മേഖലയിലെ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സഖാവ് നിറപുഞ്ചിരിയോടെ സര്‍ക്കാര്‍ ജോലിയോട് വിടപറഞ്ഞത്.

             1981ല്‍ വനം വകുപ്പില്‍ പത്തനംതിട്ടയിലെ റാന്നിയില്‍ ക്ലാര്‍ക്കായി പി.എസ്.സി നിയമനത്തിലൂടെയാണ് സഖാവ് സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നത്. യൂണിയന്‍ റാന്നി ബ്രാഞ്ച് സെക്രട്ടറി, പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ യൂണിയന്റെ നേതൃസ്ഥാനത്ത് തുടര്‍ന്ന സഖാവ്, കൊല്ലം ജില്ലയില്‍ വകുപ്പ് മാറ്റത്തിലൂടെ വാണിജ്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച 1987 മുതല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച 2014 മെയ് 31 വരെ ജില്ലയില്‍ യൂണിയന്‍ നേതൃസ്ഥാനത്ത് തുടര്‍ന്നു. യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വരദരാജന് ശേഷം ജില്ലയിലെ യൂണിയന്റെ അവസാനവാക്കായിരുന്നു സഖാവ്.

           യാദൃശ്ചികമായല്ല സഖാവ് എന്‍.ജി.ഒ യൂണിയനിലേക്ക് കടന്നുവന്നത്. യൂണിയനോടൊപ്പമല്ലാതെ സഖാവിന് മുന്നോട്ട് പോകാനുമാകുമായിരുന്നില്ല. സഖാവിന്റെ ഉള്ളിലെ വിപ്ലവവീര്യവും വര്‍ഗ്ഗബോധവും വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ പ്രകടമായിരുന്നു.  അനീതിയോടും നീതിനിഷേധങ്ങളോടുമുള്ള ക്ഷുഭിതയൗവനത്തിന്റെ പ്രതിഷേധം, തീക്കനല്‍ താണ്ടിവന്നെത്തുന്ന വിപ്ലവവീര്യവും സമരതീഷ്ണതയും വര്‍ഗ്ഗബോധവും ആവാഹിച്ചെടുത്ത്, പുരോഗമന ആശയങ്ങള്‍കൊണ്ടലങ്കരിച്ച സമരരഥമേറി, സാമൂഹിക മാറ്റത്തിന്റെ ശംഖൊലി മുഴക്കി, വിജയപഥങ്ങളിലൂടെ മുന്നേറുന്ന എസ്.എഫ് ഐയുടെ പ്രവര്‍ത്തകനാകാന്‍ സഖാവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

          കൊല്ലം എസ്.എന്‍ കോളജില്‍ പഠിക്കുമ്പോഴാണ് ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. വിദ്യാര്‍ത്ഥിനേതാക്കന്മാരെയെല്ലാം, വേട്ടനായ്ക്കളായിമാറിയ പോലിസ്, വേട്ടയാടിപ്പിടിച്ച് ലോക്കപ്പുകളിലും ജയിലറകളിലും അടച്ചു. നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ശേഷിച്ച മറ്റു നേതാക്കന്മാര്‍ക്ക് ഒളിവില്‍പ്പോകേണ്ടി വന്നു. ചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഇരുണ്ട കാലമെന്ന് വിശേഷിപ്പിക്കുന്ന അടിയന്തിരാവസ്ഥകാലഘട്ടത്തിലെ അടിമകളാക്കപ്പെട്ട ജനതയുടെ ദിനരാത്രങ്ങളും, കാളരാത്രികളും പുതുതലമുറയുടെ അനുഭവങ്ങള്‍ക്കപ്പുറമുള്ള നിഗൂഢതകള്‍കൊണ്ട് തമസ്‌ക്കരിക്കപ്പെട്ട കാലഘട്ടമാണ്. ഏതൊരു വീട്ടിലേക്കും ആരുടെ മുന്നിലേക്കും രാത്രിയിലൊ പകലൊ, എപ്പോള്‍ വേണമെങ്കിലും ബൂട്ടുകളുടെ ഉറച്ചകാലൊച്ചയോ, അന്ന് ഇടിവണ്ടികളെന്ന് അറിയപ്പെട്ടിരുന്ന പോലിസ് വണ്ടികളൊ വന്നു നില്ക്കാം. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യുന്നവനെ തെരുവില്‍ പരസ്യമായി മര്‍ദ്ദിക്കാം. പോലിസ് സ്‌റ്റേഷനുകളിലൊ രഹസ്യ കേന്ദ്രങ്ങളിലൊ കൊണ്ടുപോയി ക്രൂരവും നവീനവുമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കാം. അറസ്റ്റ് ചെയ്യപ്പെട്ട നിസ്സഹായനെ ഗരുഡന്‍തൂക്കമാടിക്കുക, അവന്റെ പൊക്കിള്‍ കുഴിയില്‍ പഴുതാര തേള്‍ വണ്ട് ചെല്ലി തുടങ്ങിയ ക്ഷുദ്രജീവികളെ നിറച്ച ചിരട്ടയോ കുപ്പികളോ പാട്ടകളോ കമിഴ്ത്തിവക്കുക, നഗ്നനാക്കി വലിയ പാന്റ്‌സ് ധരിപ്പിച്ചശേഷം ഇത്തരം ക്ഷുദ്രജീവികളെ അതിനുള്ളില്‍ നിറച്ച് രണ്ട് കാലിലും പാദങ്ങളോട് ചേര്‍ത്ത് പാന്റ്‌സിന്റെ രണ്ട് കാലഗ്രങ്ങളും, മറ്റേയഗ്രം നെഞ്ചിനോട് ചേര്‍ത്തും കെട്ടുക തുടങ്ങിയവ അന്നത്തെ ക്രുരതകളുടെ ഏതാനം ഇനങ്ങള്‍മാത്രമാണെന്നോര്‍ക്കുക. ക്രുരവും പൈശാചികവും ഭീകരവുമായ മര്‍ദ്ദനരീതികള്‍ പ്രയോഗിക്കുമ്പോള്‍ വേദനകളാല്‍ അസഹ്യമായിയുയരുന്ന ഇരകളുടെ നിലവിളികള്‍കൊണ്ട് പോലീസ് ലോക്കപ്പുകള്‍ മുഖരിതമായിരുന്നു, അക്കാലമത്രയും. ഹിറ്റലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പകളെപ്പോലും നാണിപ്പിക്കുന്നതരത്തിലുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ കേരളത്തിലുണ്ടായിരുന്നു. ഉരുട്ടലായിരുന്നു അക്കാലത്തെ പോലിസുകാരുടെ ക്രൂരവിനോദം. എവിടേയും ഒറ്റുകാര്‍. രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാല്‍ നിസഹായരേയും നിരപരാധികളേയും, അല്ല, ആരെ വേണമെങ്കിലും ഒറ്റുമെന്നസ്ഥിതി. ഭരണാധികാരിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. കെ.കരുണാകരന്‍ കേരളത്തിലെ ആഭ്യന്തരമന്ത്രി. തികഞ്ഞ സേഛാധിപതി. ജയറാംപടിക്കലെന്ന ക്രുരനായ പോലീസ് ഉദ്യോഗസ്ഥന്‍. ആജ്ഞാനുവര്‍ത്തികളും അനുചരവൃന്ദങ്ങളും ചെന്നയ്ക്കളെപ്പോലെ ഇരകളെ തെരുവില്‍ വേട്ടയാടി, ഭരണത്തിന്റെ ശീതളഛായയില്‍ സുഖഭോഗങ്ങളാവോളം ഭുജിച്ച നാളുകള്‍. ചാരിത്ര്യചോരന്മാരായ വിടന്മാര്‍. മരണങ്ങള്‍. ശവങ്ങള്‍. അജ്ഞാതജഢങ്ങള്‍. കാണാതാകലുകള്‍. ക്ഷയരോഗികള്‍.

            പോലീസും, ഭരണാനുകൂലികളും, ആഭാസന്മാരും, ചട്ടമ്പിമാരും ഭീകരതാണ്ഡവമാടിയ അടിയന്തിരവസ്ഥക്കാലത്ത് സഖാവ് പഠിച്ചുകൊണ്ടിരുന്ന കൊല്ലം എസ്.എന്‍ കോളജിലേയും സ്ഥിതി മറിച്ചായിരുന്നില്ല. വിദ്യാര്‍ത്ഥി നേതാക്കന്മാരെല്ലാം ഒന്നുകില്‍ ഒളിവില്‍, അല്ലെങ്കില്‍ ജയിലിലൊ ലോക്കപ്പിലൊ അടയ്ക്കപ്പെട്ടു. നേതൃത്വം നല്കാന്‍ പോയിട്ട് നോട്ടീസ് വിതരണം ചെയ്യാനോ ഒരു പോസ്റ്റര്‍ പതിക്കുന്നതിനോപോലും ആരുമില്ല. അരാജകത്വവും ഭയവും. പക്ഷെ വെറും ജൂനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന സഖാവ് സധൈര്യം, ഒറ്റയ്ക്ക,് കോളജ് കാമ്പസില്‍ എസ്.എഫ്.ഐയുടെ പോസ്റ്റര്‍ പതിച്ചുകൊണ്ടാണ് ഭീകരവാഴ്ചക്കെതിരെ പ്രതികരിച്ചത്. ആ വെല്ലുവിളി കാമ്പസില്‍ നെടുവീര്‍പ്പുകളുയര്‍ത്തി. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കാമ്പസ് ശാന്തമായിരുന്നു, പകല്‍ മുഴുവനും. ആശ്വാസത്തോടെ എല്ലാവരും വീട്ടിലേക്ക്. പക്ഷെ രാത്രിയിലാണ് രാക്ഷസന്മാരും പിശാചുക്കളും ഇരതേടിയിറങ്ങുന്നത്. അന്നും അതുതന്നെ സംഭവിച്ചു. രാത്രിയില്‍ സഖാവിന്റെ വീടിനടുത്തുള്ള കള്ളുഷാപ്പില്‍ പോലിസ് വീടന്വേഷിച്ചെത്തി. കാട്ടിക്കൊടുക്കാതിരുന്ന ഷാപ്പുടമയുടെ കൈ തല്ലിയൊടിച്ചുകൊണ്ടാണ് പോലിസ് അവരുടെ സാന്നിദ്ധ്യം അറിയിച്ചത്. ലോക്കപ്പിലായ സഖാവിനെ വലിയ പരിക്കുകളില്ലാതെ വീണ്ടെടുക്കാന്‍ കഴിഞ്ഞത് വര്‍ഗ്ഗ ബഹുജനസംഘടനയുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും നിരന്തര ഇടപെടലും നിതാന്ത ജാഗ്രതയുമാണ്. സി.പിഐ(എം) ജില്ലാ സെക്രട്ടറി സ:എന്‍.ശ്രീധരന്‍ സ:ഇ.എം.എസിനെക്കൊണ്ട് ഈ വിഷയത്തിലിടപെടുവിച്ചിരുന്നു. എന്നാല്‍ ദിര്‍ഘകാലം സഖാവിന്റെ പിതാവിനെ സ്‌റ്റേഷനില്‍ വരുത്തി നിരന്തരം തേജോവധം ചെയ്തുകൊണ്ടാണ് പോലിസ് അവരുടെ ഇരയെ നഷ്ടപ്പെടുത്തിയതിന്റെ അമര്‍ഷം തീര്‍ത്തത്..

           സ:എന്‍.ശ്രീധരന്റെ പ്രത്യേകവാത്സല്യത്തിന് ഭാജനമായ സഖാവിനെ, പഠനാനന്തരം, സ:എന്‍.എസ് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള ദേശാഭിമാനി ബുക്‌സ്റ്റാളിന്റെ മാനേജരാക്കി ചുമതലയേല്പിച്ചു. അവടെനിന്നാണ് പി.എസ്.സി പരീക്ഷ എഴുതി സര്‍വ്വീസിലേക്ക് സ:ശശീന്ദ്രന്‍ കടന്നു വന്നത്.

           സഖാവ് സര്‍വ്വീസിലേക്ക് കടന്നുവന്ന കാലത്തിന് മുമ്പേതന്നെ സര്‍വ്വീസില്‍ നിലനിന്നിരുന്ന ബ്യൂറോക്രസിയുടെ അടിമയുടമകാലത്തിനന്ത്യം കുറിച്ചിരുന്നു. 1973ലെ 54 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ പോരാട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചരിത്രം സാക്ഷ്യംപറയുന്നത് ജീവനക്കാരന്‍ തന്റെമേല്‍ ബ്യൂറോക്രസി അടിച്ചേല്പ്പിച്ച അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് അത്മാഭിമാനത്തോടെ നിവര്‍ന്ന് നില്ക്കാനും, അവന്റെ അവകാശങ്ങള്‍ മേലധികാരിയോട് ചോദിച്ച് വാങ്ങാനുമുള്ള കരുത്താര്‍ജ്ജിച്ചുവെന്നാണ്. ജീവനക്കാരനില്‍ വര്‍ഗ്ഗബോധമുണര്‍ത്തിയ സമരം കൂടിയായിരുന്നു എഴുപത്തിമൂന്നിലെ ഈ പണിമുടക്കം. എന്നാല്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും ഭരണാനുകൂല സംഘടനകളും തരം കിട്ടുമ്പോഴെല്ലാം ജീവനക്കാരനെ പലവിധ പീഢനങ്ങള്‍ക്കും വിധേയമാക്കാന്‍ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. ഇതിനെതിരെ യൂണിയന്‍ സന്ധിയില്ലാത്തപോരാട്ടങ്ങളാണ് നിരന്തരം നടത്തിയത്. 2002ലെ ചരിത്രമായിമാറിയ വര്‍ഗ്ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നു നടത്തിയ പ്രക്ഷോഭത്തോടെ ഉടലെടുത്ത ഐക്യത്തിന്റെ കാലത്തിന് ശേഷം ഇന്ന് ഭരണത്തിന്റെ ശീതളഛായയില്‍ സുഖഭോഗങ്ങള്‍ കാംക്ഷിക്കുന്ന ഭരണാനുകൂല സംഘടനാനേതാക്കന്മാര്‍ അപഥസഞ്ചാരികളായിമാറി ജീനക്കാരെ പീഢനങ്ങള്‍ക്ക് വിധേയമാക്കുകയാണ്. സിവില്‍സര്‍വ്വീസില്‍ നിലനില്ക്കുന്ന ഇത്തരം അസന്തുലിതാവസ്ഥക്കും ഉച്ചനീചത്വത്തിനും പീഢനങ്ങള്‍ക്കുമെതിരെ സഖാവ് കാര്‍ക്കശ്യത്തോടെയാണ് ഇടപെടലുകള്‍ നടത്തിയത്.

            ലീവ്‌സറണ്ടര്‍ ആനുകൂല്യം അട്ടിമറിക്കാന്‍ കെ.കരുണാകരന്‍ നടത്തിയ നീക്കത്തിനെതിരെ നടത്തിയപോരാട്ടം സഖാവിന്റെ സിവില്‍ സര്‍വ്വീസ് ജീവിതത്തിന്റെ പ്രാരംഭകാലത്തായിരുന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതെന്നത് തന്നെ നീണ്ട പോരാട്ടങ്ങളുടെ കാലവുമായിരുന്നു. 1983ല്‍ ലഭ്യമാക്കേണ്ട ശമ്പളപരിഷ്‌ക്കരണം നേടിയെടുക്കുന്നതിന് വേണ്ടി 1984ലും 85ലും നടന്ന രണ്ട് അനിശ്ചിതകാല പണിമുടക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടാണ് സഖാവ് യൂണിയന്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത്.

           1987ല്‍ കൊല്ലം ജില്ലയിലേക്ക് വകുപ്പ് മാറ്റത്തിലൂടെ കടന്നു വന്ന സഖാവ് വിരമിക്കുന്ന കാലത്തോളം ജില്ലയുടെ ഭാഗമായി നിന്നു. ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തുകൊണ്ടാണ് ജില്ലയില്‍ നേതൃരംഗത്തേയ്ക്ക് വരുന്നത്. തുടര്‍ന്ന് ദീര്‍ഘമായ പത്തുവര്‍ഷക്കാലം ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു.  ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും വൈസ് പ്രസിഡണ്ടായും ചുമതലകള്‍ ഏറ്റെടുത്ത് സംസ്ഥാന സെന്ററിന്റെ ഭാഗമായി തന്നിലര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ വീഴ്ചകളില്ലാതെ നിര്‍വ്വഹിക്കുമ്പോഴും, ജില്ലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് വീഴ്ചകള്‍ പരിഹരിക്കുന്നതിനും, സംഘടനയെ മുന്നോട്ട് നയിക്കുന്നതിനുമാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും, പ്രതിസന്ധിഘട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്കി സമരസജ്ജരാക്കിമാറ്റുന്നതിനും, വലിയ ശ്രദ്ധ നല്കാന്‍ സഖാവ് സമയം കണ്ടെത്തിയിരുന്നു.

           സഖാവ് ജില്ലയിലുണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു 1992ലും 2002ലും 2013ലും സംഘടന ചൂഷകരായ ഭരണാധികാരി വര്‍ഗ്ഗത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തത്. കേന്ദ്ര പാരിറ്റിയുടെ മറവില്‍ ജീവനക്കാരനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനും അയ്യഞ്ചാണ്ടില്‍ ശമ്പളപരിഷ്‌കരണമെന്ന തത്വം അട്ടിമറിക്കാനും ശ്രമം നടന്നത് 1992ലായിരുന്നു. ഇതിനെതിരെ യൂണിയന്‍ വലിയ ചെറുത്തുനില്പ്പാണ് നടത്തിയത്. ജില്ലയില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജീവനക്കാരില്‍ നിന്നുമുയര്‍ന്നുവന്ന പ്രതിഷേധത്തെ നുണപ്രചരണങ്ങളഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും പ്രതികാരനടപടികള്‍ സ്വീകരിച്ചുമാണ് അടിച്ചൊതുക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ സഖാവ് പ്രവര്‍ത്തകരില്‍ സമരാവേശമുണര്‍ത്തി  കൊടുങ്കാറ്റുപോലെ നുണപ്രചരണങ്ങള്‍ക്കും, ഭീഷണികള്‍ക്കും, പ്രതികാരനടപടികള്‍ക്കുമെതിരെ ആഞ്ഞടിച്ച് ശത്രുവിനെ നിലംപരിശ്ശാക്കി യുണിയന്റെ പതാക ഉയരേക്ക് ഉയര്‍ത്തിപ്പിടിക്കുകയായിരുിന്നു.

            2002ല്‍ യോജിച്ച പണിമുടക്കമായിരുന്നുവെങ്കിലും കൊട്ടാരക്കരയില്‍ പണിമുടക്കിയ സഖാക്കള്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി, ഭരണവര്‍ഗ്ഗത്തോടുള്ള തങ്ങളുടെ കൂറ് തെളിയിച്ചു. പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനവും യോഗവും മര്‍ദ്ദിച്ചൊതുക്കാന്‍ പോലിസ് ശ്രമിച്ചുവെങ്കിലും സ:ശശീന്ദ്രന്റെ സമയോചിതമായ ഇടപെടല്‍ പോലിസിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു.

           2013ല്‍ ജില്ലയിലാകെ പോലിസും ഗുണ്ടകളും ഭരണാനുകൂലസംഘടനകളും പണിമുടക്കിനെ മര്‍ദ്ദനവും കള്ളക്കേസുകളും ഭീഷണിയുംകൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജില്ലയിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെതിരെ സമരസഖാക്കളെ തീപ്പന്തംപ്പോലെ ജ്വലിപ്പിച്ചു നിറുത്തി സമരം വിജയിപ്പിക്കാന്‍ സഖാവിന് കഴിഞ്ഞു.

          സഖാവ് ജില്ലയില്‍ യുണിയന് മാത്രമല്ല സഹോദരസംഘടനകള്‍ക്കും പ്രചോദനമായിരുന്നു കൊല്ലം ജില്ലയോട് വല്ലാത്തൊരു ഹൃദയബന്ധം സഖാവിനുണ്ട്. ജില്ലയില്‍ ജനിച്ചുവളരുകയും ദീര്‍ഘകാലം കൊല്ലത്തുതന്നെ ജോലിനോക്കുകയും ചെയ്‌തെങ്കിലും സഖാവ് പതിറ്റാണ്ടുമുമ്പുതന്നെ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് താമസം.

          സര്‍വ്വീസില്‍ നിന്നും വിരമിച്ചുവെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പ് അല്പംപോലും ചോര്‍ന്നുപോകാത്ത സ:ശശീന്ദ്രന്‍, സഖാവിന്റെ ഇനി വന്നെത്താനുള്ള സുദീര്‍ഘമായ പൊതുപ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. തീര്‍ച്ചയായും ക്ഷുഭിതയൗവനത്തിന്റെ തളരാത്ത ക്ഷോഭമനസ്സും, മനസിലെ കെടാത്ത അഗ്നിയും നെഞ്ചില്‍ സൂക്ഷിക്കുന്ന സഖാവിന് വര്‍ഗ്ഗവഞ്ചകര്‍ക്കും ചൂഷകര്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ വര്‍ഗ്ഗബഹുജനസംഘടനകള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് പോരാളിയായും പടനായകനായും ഇനിയും കാലമേറെ താണ്ടാന്‍ ബാക്കിയുണ്ട്. 







Saturday, June 7, 2014

Friday, June 6, 2014

ഹിപ്പോക്രാറ്റ്

             
                                                                                   
                                                                                      ലൂസിഫര്‍

             കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന കാപട്യക്കാരന്‍ എ.കെ ആന്റണിയായിരുന്നു. വി.എം. സുധീരനുമായി താരതമ്യം ചെയ്താല്‍ ആന്റണി ആരുമല്ല. ശിഷ്യന്‍ ആശാന്റെ ഗുരുവായി ആശാനെ പാഠം പഠിപ്പിക്കുകയാണിപ്പോള്‍.

             സ്ഥാനമാനങ്ങളിലില്ലാതിരുന്നപ്പോള്‍ സ്വന്തം പാര്‍ടിയേയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയേയും വിമര്‍ശനത്തിന്റെ ആക്ഷേപശരങ്ങള്‍കൊണ്ട് മുറിവേല്പിച്ച മഹാന്‍ കെ.പി.സി.സി പ്രസിഡണ്ടായപ്പോള്‍ അച്ചടക്കത്തിന്റെ ഖഡ്ഗവുമായി സത്യം വിളിച്ചുപറയുന്നവര്‍ക്കെതിരെ ആക്രോശിച്ചടുക്കുന്ന കിരാതനായി മാറി.

             പാര്‍ലമെന്റ് തെരഞ്ഞെടുടപ്പിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫും, ദേശീയതലത്തില്‍ കോണ്‍ഗ്രസും തറപറ്റുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്ന സുധീരന്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുപോയി. പഴയ ആശാന്റെ മുഖ്യമന്ത്രിപദപ്രവേശനത്തിനായി ചാരായനിരോധനമേറ്റെടുത്തപ്പോള്‍ ശിഷ്യന്‍ ബാറുകള്‍ക്കെതിരെ തിരിഞ്ഞു

            മിനിമം കോണ്‍ഗ്രസ് നേതാക്കന്മാരെങ്കിലും മദ്യവര്‍ജ്ജകരാകണമെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും പ്രഖ്യാപിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. കാരണം സുധീരനും കോണ്‍ഗ്രസ് നേതാക്കന്മാരും ഗാന്ധി ശിഷ്യന്മാരാണല്ലോ.

            ബാര്‍ വിവാദം കത്തിനില്ക്കുമ്പോള്‍ സുധീരശിഷ്യന്മാരായ ചില നേതാക്കന്മാര്‍ ശ്രീലങ്കയില്‍പ്പോയെന്നും ബര്‍മ്മുഡയൊക്കെയിട്ട് അര്‍മാദിച്ചെന്നും കലാകൗമുദിയില്‍ ലേഖനം വന്നു. സല്‍ക്കരിച്ചത് മലയാളിയായൊരു ശ്രീലങ്കന്‍ ബാര്‍ മുതലാളിയായിരുന്നുപോലും. നിഷേധക്കുറുപ്പൊന്നും വരാത്തത്‌കൊണ്ട് സത്യത്തെ നിഷേധിക്കാനാവില്ലെന്ന സത്യം തെളിഞ്ഞുവരുന്നു.

           സുധീരനെപ്പോലെയുള്ളവരാണ് പ്രായോഗിക രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പ്രായോഗിക വത്ക്കരണം കൊണ്ട് കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്നത്.

Sunday, June 1, 2014